പിതാവിന്റെ പേര് ഉപയോഗിച്ച് അനർഹമായി ഒന്നും നേടിയിട്ടില്ല; അഴിമതി മറയ്ക്കാനാണ് തനിക്കു നേരെ സൈബർ ആക്രമണം – അച്ചു ഉമ്മൻ

ഉമ്മൻ ചാണ്ടി മരിച്ച ശേഷം മക്കളെ വേട്ടയാടുകയാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇല്ലാക്കഥകൾ മെനഞ്ഞു ആക്രമണം നടത്തുകയാണെന്ന് അച്ചു ഉമ്മൻ പറഞ്ഞു.

ഒളിഞ്ഞു നിന്ന് കഥകൾ മെനയുന്നവർക്കെതിരെ എങ്ങനെയാണ് നിയമനടപടി സ്വീകരിക്കുന്നത്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ ഒരിക്കലും മുതിർന്നിട്ടില്ല. ഞങ്ങളും ആ പാതയാണ് പിന്തുടരുന്നത്. യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരുത്താനാണ് ശ്രമം. ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങൾപെടുകയില്ല. നുണ പ്രചാരണത്തിന് ജനം മറുപടി നൽകും. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സൈബർ ആക്രമണം നടത്തുന്നത്. മക്കൾക്കെതിരെയുള്ള വേട്ടയാടലാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്നതെന്ന് അച്ചു ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നാല്പതാം ചരമദിന ചടങ്ങുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം നിരവധി പാർട്ടി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തിരുന്നു.

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സഹോദരങ്ങളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും രംഗത്തുവന്നു. വിമർശനം നല്ലതാണ്, എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല.

അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ പറഞ്ഞു.

ഞങ്ങൾ മൂന്നുപേരും പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഐഎം അധിക്ഷേപങ്ങളുടെ തുടർച്ചയായിട്ടാണ് മക്കൾക്കെതിരെയുള്ള സൈബർ ആക്രമണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ‘അച്ചു ഉമ്മൻ കഠിനാധ്വാനം ചെയ്‌തു ജീവിക്കുന്ന പെൺകുട്ടിയാണ്. ആരെയും കബളിപ്പിച്ചിട്ടില്ല. ആരിൽനിന്നും അഴിമതിപ്പണം വാങ്ങിയിട്ടുമില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top