പിതാവിന്റെ പേര് ഉപയോഗിച്ച്‌ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല; സൈബർ പ്രചാരണങ്ങള്‍ വ്യാജമെന്ന് അച്ചു ഉമ്മന്‍

തനിക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച്‌ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സൈബര്‍ പോരാളികള്‍ തൻ്റെ ജോലിയുമായി ബന്ധപ്പെടുത്തി നിരന്തരം വ്യജപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് അച്ചു പോസ്റ്റില്‍ വിശദീകരിക്കുന്നു.

കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈല്‍, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്.

ഇത്രയും നാളായി ഈ പ്രഫഷനില്‍ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച്‌ ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുമുണ്ട്.


എന്നാല്‍, കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകള്‍. ഇതു വളരെ നിരാശാജനകമാണ്.


പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷൻ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ‍ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.


എന്നാല്‍, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച്‌ എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവര്‍ത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനില്‍ക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top