തേരുതെളിച്ച് അച്ചു ഉമ്മൻ; ജയിച്ചുകയറി ചാണ്ടി ഉമ്മൻ
പുതുപ്പള്ളി: 53 വർഷം ഉമ്മൻ ചാണ്ടിയെ പിന്തുണച്ച പുതുപ്പള്ളി ഇന്ന് ചാണ്ടി ഉമ്മനെ തോളിലേറ്റുമ്പോൾ ഇതോടൊപ്പം രാഷ്ട്രീയ കേരളം ചേർത്തു വായിക്കുന്ന മറ്റൊരു പേര് അച്ചു ഉമ്മന്റേതാണ്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി അച്ചു ആയിരിക്കുമെന്ന പ്രചരണം സ്ഥാനാർഥി നിർണയത്തിന് മുൻപുതന്നെ ഉണ്ടായിരുന്നു. എന്നാൽ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു വ്യക്തമാക്കുകയായിരുന്നു.
പക്ഷെ തെരഞ്ഞെടുപ്പിൽ ഉടനീളം വളരെ പക്വതയോടെയും സംയമനത്തോടെയുമുള്ള നിലപാടുകളും പ്രതികരണങ്ങളുമാണ് അച്ചു ഉമ്മൻ നടത്തിയത്. സൈബർ അധിക്ഷേപങ്ങൾ നേരിട്ടപ്പോൾ മുഖമില്ലാത്തവരോട് പ്രതികരിക്കാൻ തയാറല്ലെന്ന് പറഞ്ഞ അച്ചു, നിയമ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടുന്നവർക്ക് പുതുപ്പള്ളിയിലെ ജനങ്ങൾ മറുപടി നൽകുമെന്നും 53 വർഷം ഉമ്മൻ ചാണ്ടി ചെയ്തത് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നുമാണ് അച്ചു പ്രതികരിച്ചത്.
രാഷ്ട്രീയ പുരോഗതികൾ കൃത്യമായി വീക്ഷിച്ച് വ്യക്തമായ നിലപാടുകൾ പറയാൻ എന്നും ശ്രദ്ധിച്ചിരുന്നു അച്ചു ഉമ്മൻ. അഴിമതിക്കെതിരെ പ്രതികരിക്കാനും മടി കാണിച്ചിട്ടില്ല. ബിസിനെസ്സ് മേഖലയിൽ പ്രവർത്തിക്കുമ്പോഴും സമകാലിക രാഷ്ട്രീയത്തിലെ പുരോഗതി നിരീക്ഷിച്ചിരുന്നു എന്നാണ് അഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന അച്ചു ഉമ്മനെയും വിവാദങ്ങളെ മൗനം കൊണ്ട് തടയുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെയും താരതമ്യം ചെയ്യുകയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ. മാസപ്പടി വിഷയത്തിൽ ഇത്രയും വിവാദങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടും ഒന്നിനുപോലും പ്രതികരിക്കാൻ വീണയോ മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ല. എന്നാൽ തനിക്കെതിരെയുള്ള പ്രതികരണങ്ങൾക്ക് അച്ചു ഉമ്മന് കൃത്യമായ മറുപടിയുണ്ട്. സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരാൾക്കേ ആരോപണങ്ങൾക്കെതിരെ വ്യക്തമായ ഉത്തരം നൽകാൻ സാധിക്കു എന്ന മട്ടിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here