അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിന്; പത്തനംതിട്ടയില്‍ പോവില്ല; അനില്‍ ആന്റണി ബാല്യകാല സുഹൃത്തെന്ന് വിശദീകരണം

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങും. എന്നാല്‍ പത്തനംതിട്ടയില്‍ പ്രചരണത്തിന് പോവില്ലെന്ന് അച്ചു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണി തന്റെ ബാല്യകാല സുഹൃത്താണെന്നും, അദ്ദേഹത്തിനെതിരെ പ്രചരണത്തിനിറങ്ങാന്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നുമാണ് ഇതിന് നല്‍കിയിരിക്കുന്ന വിശദീകരണം.

വടകരയില്‍ ഷാഫി പറമ്പിലിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഷാഫി വ്യക്തിപരമായി ക്ഷണിച്ചിരുന്നു. ഒപ്പം കോട്ടയം, കണ്ണൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലും പര്യടനം നടത്തും. ഇതിനും പുറമെ സംസ്ഥാന നേതൃത്വവും പ്രചരണത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അച്ചു പറഞ്ഞു.

തന്റെ ഓര്‍മ്മയില്‍ അപ്പ ഇല്ലാത്ത ആദ്യ പൊതുതിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. തിരഞ്ഞെടുപ്പു കാലത്ത് കേരളം മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ഓടി നടക്കുന്ന അപ്പയാണ് ഇപ്പോഴും മനസിലുള്ളത്. അദ്ദേഹത്തിന്റെ അഭാവവുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും അച്ചു പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ താരപ്രചാരകയായിരുന്നു 41 കാരിയായ അച്ചു ഉമ്മന്‍. കൃത്യമായ നിലപാടും കുറിക്കു കൊള്ളുന്ന പ്രസംഗങ്ങളും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുതല്‍കൂട്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഒരു സ്റ്റാര്‍ പദവിയിലേക്ക് എത്താനും അച്ചു വിന് കഴിഞ്ഞിരുന്നു.

53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റ വിജയമെന്നായിരുന്നു അച്ചുവിന്റെ പ്രതികരണം. പിതാവിനെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണി വിജയമെന്നും അവര്‍ പറഞ്ഞതിനെ കേരളം അതീവ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. കുടുംബത്തിനെതിരെ ഉയര്‍ന്നു വന്ന എതിരാളികളുടെ നീചമായ പ്രചരണങ്ങളെ അങ്ങേയറ്റം മാന്യതയോടെ പ്രതിരോധിച്ച അച്ചുവിന്റെ നിലപാടുകള്‍ രാഷ്ടീയ ശത്രുക്കളില്‍ പോലും മതിപ്പുളവാക്കായിരുന്നു.

ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും വില ഉള്‍പ്പെടെ സൈബര്‍ പോരാളികള്‍ പിന്നെയും ആയുധമാക്കിയപ്പോള്‍ ധീരതയോടെ നിയമവഴി തേടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ പാര്‍ട്ടി ഭാരവാഹി പോലുമോ അല്ലാത്ത ഒരാള്‍ തന്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നത് അതുവരെ രാഷ്ട്രീയ കേരളത്തിന് അപരിചിതമായിരുന്നു. പിതാവിനെപോലെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഇടപാടുകളെല്ലാം സുതാര്യമാണെന്ന അച്ചുവിന്റെ സന്ദേശം പൊതുജനങ്ങള്‍ക്കിടയില്‍ അവരെക്കുറിച്ച് മികച്ച ധാരണ സൃഷ്ടിക്കാനും കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. അച്ചുവിന്റെ പൊതു സ്വീകാര്യത തിരഞ്ഞെടുപ്പില്‍ പരമാവധി ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top