വെള്ളാപ്പള്ളിക്ക് ഉറപ്പിക്കാം, മൈക്രോഫിനാൻസിൽ വിഎസ് ഇനി ഇറങ്ങില്ല; കുടുംബത്തിന് താൽപര്യമില്ല, ആരോഗ്യമില്ലെന്ന് മകൻ കോടതിയെ അറിയിച്ചു

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തുടര്‍ നടപടികളുമായി വിഎസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ കുടുംബമോ മുമ്പോട്ട് പോകില്ല. വിഎസിന്റെ ആരോഗ്യ പ്രശ്‌നങ്ങളാണ് വെള്ളാപ്പള്ളിക്ക് ആശ്വാസമാകുന്നത്. കേസുമായി മുമ്പോട്ട് പോകാന്‍ വിഎസിന്റെ കുടുംബത്തിനും താല്‍പ്പര്യമില്ലെന്നാണ് സൂചന. ഫലത്തില്‍ വിഎസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ എല്ലാവരും അംഗീകരിക്കുന്ന സാഹചര്യം വരും.

വിജിലന്‍സ് കോടതി അയച്ച നോട്ടീസില്‍ വി.എസ് അച്ച്യുതാനന്ദന് വേണ്ടി മകന്‍ വി എ അരുണ്‍ കുമാര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരായിരുന്നു. വെള്ളാപ്പള്ളിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേസ് അവസാനിപ്പിക്കുന്നതില്‍ ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയില്‍ നേരിട്ട് അറിയിക്കണമെന്ന് കാണിച്ച് വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനോ കോടതിയില്‍ നേരിട്ട് ഹാജരാവാനോ കഴിയില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ കോടതിയെ അറിയിച്ചു. അച്ഛന് സംസാര ശേഷി ഇല്ലെന്നായിരുന്നു കോടതിയെ അരുണ്‍ അറിയിച്ചത്. അതിന് അപ്പുറം കേസ് മുമ്പോട്ട് കൊണ്ടു പോകുമെന്ന സൂചനകളൊന്നും മകന്‍ കോടതിക്ക് നല്‍കിയില്ല.

അച്ഛന് സുഖമില്ലാത്ത സാഹചര്യത്തില്‍ മകന് വേണമെങ്കില്‍ കേസുമായി മുമ്പോട്ട് പോകാം. അച്ഛന് സുഖമില്ലെന്നും എന്നാല്‍ അച്ഛനൊപ്പം എന്നും നിന്നിരുന്ന തനിക്ക് ഈ കേസിനെ കുറിച്ച് അറിയാമെന്ന് കോടതിയെ വേണമെങ്കില്‍ അരുണ്‍കുമാറിന് അറിയിക്കാമായിരുന്നു. എന്നാല്‍ ഇത് അരുണ്‍ കുമാര്‍ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് കേസിനോട് വിഎസിന്റെ കുടുംബത്തിനും താല്‍പ്പര്യക്കുറവുണ്ടെന്ന വിലയിരുത്തല്‍ എത്തുന്നത്.

ഈ റിപ്പോര്‍ട്ടില്‍ കോടതി എടുക്കുന്ന നിലപാടാകും ഇനി നിര്‍ണ്ണായകം. മിക്കവാറും കേസ് എഴുതി തള്ളാനാണ് സാധ്യത. അല്ലാത്ത പക്ഷം വിഎസിന്റെ കുടുംബം ഉറച്ച നിലപാട് എടുക്കണം. ഇതിനുള്ള സാധ്യത വിരളമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് ഇതിന് കാരണമായി പറയുന്നത്. ഇതോടെ വിഎസ് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന തരത്തില്‍ വിലയിരുത്തലുകള്‍ ഉണ്ടാകും. വെള്ളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാന്‍സ് കേസില്‍ സംസ്ഥാനത്തെ നിരവധി വിജിലന്‍സ് കോടതികളില്‍ കേസുണ്ട്. ഇതെല്ലാം എഴുതി തള്ളാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് ആദ്യ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എത്തിയത്.

വി എസ് നല്‍കിയ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. എസ്എന്‍ഡിപി യൂണിയന്‍ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കില്‍ താഴേക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്താകെ 124 കേസുകളാണ് വിജിലന്‍സ് അന്വേഷിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം എറണാകുളം റേഞ്ച് എസ് പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങള്‍ ഏകോപിച്ചത്. വിജിലന്‍സ് അന്വേഷിച്ചതില്‍ അഞ്ചുകേസുകളാണ് എഴുതി തള്ളാന്‍ തീരുമാനിച്ചത്.

മൈക്രോ ഫിനാന്‍സ് വായ്പകളായി നല്‍കിയ പണം തിരികെ അടച്ചുവെന്നും താഴേത്തട്ടിലേക്ക് പണം നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലന്‍സിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ റിപ്പോര്‍ട്ടുകളും വൈകാതെ കോടതിയിലെത്തും. മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ വി എസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലന്‍സാണ് ഇപ്പോള്‍ തെളിവില്ലെന്ന് കോടതിയെ അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top