‘ലാൽ സലാം’ സിനിമയിൽ അഭിനയിച്ചതിനൊരു ഉദ്ദേശ്യമുണ്ട്; വിശദീകരിച്ച് രജനികാന്ത്

തന്റെ പെണ്‍മക്കള്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ ചെയ്യുന്ന സിനിമകളില്‍ ഒരിക്കലും അഭിനയിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നതായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ രാജ്യത്ത് മതസൗഹാര്‍ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഐശ്വര്യയുടെ ‘ലാല്‍ സലാം’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് രജനി വിശദമാക്കി.

‘മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു വലിയ നടനെ തിരഞ്ഞെടുക്കാന്‍ ഞാന്‍ ഐശ്വര്യയോട് നിര്‍ദേശിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒരാളെ കണ്ടെത്താന്‍ അവള്‍ക്കായില്ല. അതുകൊണ്ടാണ് ഞാന്‍ തന്നെ ഈ കഥാപാത്രം അവതരിപ്പിക്കാമെന്ന് തീരുമാനിച്ചത്.’

മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായി താന്‍ എത്താം എന്ന് രജനി പറഞ്ഞപ്പോള്‍ അതൊരു തമാശയാണെന്ന് ഐശ്വര്യ കരുതി. എന്തുകൊണ്ട് തന്നെപ്പോലൊരു സൂപ്പര്‍ സ്റ്റാര്‍ ആ കഥാപാത്രം അവതരിപ്പിക്കണം എന്ന് ഐശ്വര്യയെ പറഞ്ഞ് മനസിലാക്കിയത് രജനി തന്നെ.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അസഹിഷ്ണുതയും അക്രമവും വളരുന്ന ഇക്കാലത്ത് ‘ലാല്‍ സലാം’ പോലൊരു ചിത്രം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് രജനികാന്ത് പറഞ്ഞു.

‘മനുഷ്യന് ദൈവത്തെ മനസ്സിലാക്കാനും അവനവന്റെ ഉള്ളിലെ ദൈവത്തെ തിരിച്ചറിയാനും സഹായിക്കാനാണ് മതങ്ങള്‍ സൃഷ്ടിച്ചത്. ദൈവത്തെ അറിയുന്നതും മനസിലാക്കുന്നതും തിരിച്ചറിയുന്നതും വ്യത്യസ്ത പ്രക്രിയകളാണ്.’

തങ്ങളുടെ പാത പിന്തുടരുകയാണെങ്കില്‍ തങ്ങളെ പോലെ മറ്റുള്ളവര്‍ക്കും ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ നേടാനാകുമെന്ന് ജീസസ്, ബുദ്ധന്‍, മുഹമ്മദ് നബി തുടങ്ങിയവര്‍ കാണിച്ചു തന്നുവെന്ന് രജനികാന്ത് പറഞ്ഞു.

മതങ്ങള്‍ മനുഷ്യരാശിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെങ്കിലും, അവ ഇപ്പോള്‍ സംഘര്‍ഷത്തിന്റെയും വേദനയുടെയും ഉറവിടങ്ങളായി മാറിയിരിക്കുന്നുവെന്നും രജനികാന്ത് പറഞ്ഞു. ചിലര്‍ക്ക് അവയെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങളാണുള്ളത്.

സാമുദായിക സൗഹാര്‍ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് താന്‍ ‘ലാല്‍ സലാമി’ന്റെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ‘പല മതങ്ങള്‍ വരാം പോകാം. എന്നാല്‍ നീതിയും സത്യവും സത്യസന്ധതയും ഉള്ള മതങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് രാമകൃഷ്ണ പരമഹംസന്‍ പറഞ്ഞിട്ടുണ്ട്. ക്രിസ്തുമതം, ഇസ്ലാം, ബുദ്ധമതം, ഹിന്ദുമതം എന്നിവ ഈ ഗുണങ്ങള്‍ ഉള്ളതുകൊണ്ടാണ് നിലകൊള്ളുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top