കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയ കത്തോലിക്ക മെത്രാന്മാർക്കെതിരെ നടപടിയില്ല; ബിജെപി അംഗത്വമെടുത്ത വികാരിയെ ചുമതലകളിൽ നിന്ന് മാറ്റി; സഭാ നിലപാട് ഇരട്ടത്താപ്പെന്ന് ആക്ഷേപം

തൊടുപുഴ: സീറോ മലബാർ സഭയുടെ ഇടുക്കി രൂപത വൈദികനായ ഫാ.കുര്യാക്കോസ് മറ്റം ബിജെപിയിൽ അംഗത്വമെടുത്തതിന്‍റെ പേരിൽ ഇടവക ചുമതലകളിൽ നിന്ന് ഒഴിവാക്കിയ സഭാനടപടി ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്തം. ഇക്കഴിഞ്ഞ ദിവസമാണ് കൊന്നത്തടി മാങ്കുവ സെന്റ് തോമസ് പള്ളി വികാരി കുര്യാക്കോസ് മറ്റം ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ച തന്നെ ഇടവക ചുമതലകളിൽ നിന്ന് വിടുതൽ ചെയ്യുകയും പ്രായം ചെന്ന വൈദികർക്കുള്ള പ്രീസ്റ്റ് ഹോമിലേക്ക് മാറ്റി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കുര്യാക്കോസ് മറ്റം സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്‍റെ പേരിൽ അദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ച സഭാ നേതൃത്വം, സമാനമായ രീതിയിൽ ബിജെപി യോട് ആഭിമുഖ്യം പ്രകടിപ്പിച്ച ബിഷപ്പുമാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലാ എന്ന ചോദ്യവും സഭയ്ക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്.

ഫാ. കുര്യാക്കോസ് എടുത്ത ബിജെപി അനുകൂല നിലപാട് അദ്ദേഹത്തെ സ്ഥാന ഭ്രഷ്ടനാക്കാൻ മാത്രം ഗൗരവമായ തെറ്റാണോ എന്ന് ചോദിക്കുന്നവരാണ് സീറോ മലബാർ സഭയിലെ മെത്രാന്മാർ നടത്തിയ ബിജെപി അനുകൂല പ്രസ്താവനകൾ കുത്തിപ്പൊക്കി വിടുന്നത്.

ബിജെപയോട് അയിത്തമില്ലെന്നും ബിജെപി ഭരണത്തിൽ ക്രൈസ്തവർ വളരെ സുരക്ഷിതരാണെന്നും പരസ്യമായി പറഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിലപാടിനെ സഭ തള്ളിപ്പറയാൻ തയ്യാറായില്ല. റബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് ഒരു എംപി യെ നല്കാമെന്ന് പറഞ്ഞ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കുമെതിരെയും നടപടിയൊന്നും സ്വീകരിക്കാത്ത സഭ എന്തിനാണ് ബിജെപി അംഗത്വമെടുത്ത ഒരു വൈദികനെ മാത്രം ശിക്ഷിക്കുന്നതെന്തിനാണെന്നാണ് സഭയ്ക്കുള്ളിൽ നിന്നുയരുന്ന ചോദ്യം.

ഭാരതീയ ക്രിസ്ത്യൻ സംഗമം എന്ന ബിജെപി അനുകൂല സംഘടന രൂപീകരണത്തിന് നേത്യത്വം നല്കിയ കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാത്യു അറയ്ക്കൽ. മാർത്തോമാ നസാണി സംഘം എന്ന സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ച ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴ്ത്ത് എന്നിവരെ ഒരളവോളം സഭാ നേതൃത്വം പ്രോത്സാഹിപ്പിച്ചതാണ്.

ബിജെപി അനുകൂല നിലപാട് സ്വീകരിച്ച വൈദികൻ തെറ്റുകാരനാണെങ്കിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ബിഷപ്പുമാരും തെറ്റുകാരാണെന്ന് വാദിക്കുന്നവരും സഭയ്ക്കുള്ളിലുണ്ട്. ബിജെപിയിൽ അംഗത്വമെടുത്തതിന്‍റെ പേരിൽ ഇടവക ചുതലകളിൽ നിന്ന് വൈദികനെ ഒഴിവാക്കിയതിനെ ബിജെപി സംസ്ഥാന – ദേശീയ നേതൃത്വങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്.

മൂന്നുവർഷം മുൻപാണ് കുര്യാക്കോസ് മറ്റം മങ്കുവ സെന്‍റ് തോമസ് ദേവാലയത്തിലെ ഇടവക വികാരിയായി എത്തുന്നത്. വരുന്ന വർഷം ഇടവക ഭരണങ്ങളിൽനിന്ന് വിരമിക്കുന്ന കുര്യാക്കോസ് മറ്റം കഴിഞ്ഞ ദിവസമാണ് ബി ജെ പി അംഗത്വം നേടിയത്. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞാണ് കുര്യാക്കോസ് ബിജെപി അംഗത്വം സ്വീകരിച്ചത്.

രാഷ്ടീയ പാർട്ടിയിൽ അംഗത്വമെടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണ്. വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും അക്കാരണത്താലാണ് കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും മാറ്റി നടപടി എടുത്തതെന്നും മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു. കത്തോലിക്കാ സഭയുടെ നിയമപ്രകാരം വൈദികർ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭാ നിലപാട് വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top