ബിജെപിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്‌സ് വൈദികനെതിരെ നടപടിക്ക് ധാരണ; നടപടി വൈകിപ്പിക്കാൻ നീക്കവുമായി മറുപക്ഷവും, ഒഴിഞ്ഞുമാറി നേതൃത്വം

പത്തനംതിട്ട: ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെ ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിവാക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായ ഫാദര്‍ ഷൈജു കുര്യനെ ആ സ്ഥാനത്ത് നിന്ന് നീക്കാനാണ് തീരുമാനം. കാതോലിക്ക ബാവയുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്ന് ഉന്നത സഭാവൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച പത്തനംതിട്ടയില്‍ നടന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രി വി.മുരളീധരനിൽ നിന്ന് ഫാദര്‍ ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത്.

വൈദികർക്ക് രാഷ്ട്രിയപാർട്ടിയിൽ അംഗത്വം എടുക്കാൻ സഭാചട്ടങ്ങൾ അനുവദിക്കുന്നില്ല. ഭദ്രാസന സെക്രട്ടറിയെന്ന പദവി കൂടുതൽ ഉത്തരവാദിത്തമുള്ളതാണ്. ഒരു കാരണവശാലും രാഷ്ട്രീയം പാടില്ല. അതുകൊണ്ട് തന്നെ ഗൌരവമായി ആലോചിച്ച് നടപടി തീരുമാനിക്കുമെന്ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ശനിയാഴ്ച മാധ്യമ സിന്‍ഡിക്കറ്റിനോട് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാലിന്ന് വീണ്ടും ബന്ധപ്പെട്ടപ്പോൾ തീരുമാനം ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രതികരണം. നടപടി ഉണ്ടായാൽ എല്ലാവരും അറിയുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി നേരിട്ടെത്തി ബിജെപി അംഗത്വം നൽകിയ വിഷയത്തിൽ കടുപ്പിച്ച് ഇടപെടാൻ സഭാതലത്തിൽ പലർക്കും വൈമുഖ്യമുണ്ട്. അതിനാൽ തീരുമാനം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് നടപടി ഒഴിവാക്കാൻ ശ്രമമുണ്ട്. സിപിഎമ്മുമായി ചേർന്ന് നിൽക്കുകയും പാർട്ടി വേദികളിൽ പ്രസംഗിക്കുകയും ചെയ്യുന്ന വൈദികരുടെ കാര്യം ഉയർത്തിക്കാട്ടി ഷൈജു കുര്യനെ സംരക്ഷിക്കാൻ ഒരുവിഭാഗം സജീവമായി രംഗത്തുണ്ട്. എന്നാൽ രാഷ്ട്രീയമായി ആഭിമുഖ്യം പുലർത്തുന്നത് പോലെയല്ല പാർട്ടിയിൽ അംഗത്വം എടുക്കുന്നതെന്നും രണ്ടും വ്യത്യസ്തമായി പരിഗണിച്ച് നടപടി ഉണ്ടാകണമെന്നും ഉള്ള ആവശ്യത്തിനാണ് മുൻതൂക്കം. അതനുസരിച്ചുള്ള തീരുമാനം തന്നെയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ പരസ്യമായി പ്രഖ്യാപിക്കുന്നതിനുള്ള വിമുഖതയാണ് ഇപ്പോഴത്തെ പ്രശ്നം.

പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹസംഗമത്തിലാണ് വൈദികനും സഭാവിശ്വാസികളെന്ന് അവകാശപ്പെട്ട് 47 പേരും ബിജെപിയില്‍ അംഗത്വം എടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top