വിദ്യാർത്ഥിയുടെ നട്ടെല്ല് അടിച്ച് പൊട്ടിച്ചെന്ന പരാതിയിൽ പോലീസുകാർക്കെതിരെ നടപടി

കോട്ടയം: പാലയിൽ വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ മർദിച്ച് നട്ടെല്ലിന് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ പോലീസുകാർക്കെതിരെ നടപടി. പാലാ ട്രാഫിക്ക് യൂണിറ്റിലെ പോലീസുകാരായ ബിജു, പ്രേംസൺ എന്നിവർക്കെതിരെ ഐപിസി 323, 325 എന്നീ വകുപ്പുകൾ ചുമത്തി പാലാ പോലീസാണ് കേസ് എടുത്തത്. കോട്ടയം എസ്.പി. കെ.കാർത്തിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതലയുള്ള പാലാ ഡിവൈഎസ്പി എസ് പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ പ്രഥമ ദൃഷ്ട്യാ പോലീസുകാർക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി എടുത്തത്.
പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിയായ പാർത്ഥിപനെയാണ് ഞായറാഴ്ച വാഹന പരിശോധനക്കിടെ പോലീസ് ക്രൂരമായി മർദിച്ചത്. ലഹരിവസ്തു കൈയ്യിലുണ്ടെന്ന് ആരോപിച്ചായിരുന്നു പോലീസിന്റെ നടപടി. പരിശോധനയിൽ ലഹരിമരുന്ന് കണ്ടുകിട്ടാത്തതിനാൽ വിട്ടയച്ചെങ്കിലും സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. നട്ടെല്ലിന് പൊട്ടലുണ്ടെന്നും മൂന്ന് മാസം പൂർണ വിശ്രമം വേണമെന്നും ഡോക്ടർ നിർദേശിച്ചതായി പാർത്ഥിപന്റെ അമ്മ പറഞ്ഞു . മർദന വിവരം പുറത്തുപറഞ്ഞാൽ വേറെ കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി മൊഴി നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here