അച്ചടക്ക ലംഘനം; തോമസ് കെ തോമസ് എംഎൽഎയെ പ്രവർത്തകസമിതിയിൽ നിന്ന് പുറത്താക്കി എന്‍സിപി

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുത്ത് എന്‍സിപി ദേശീയ നേതൃത്വം. എൻസിപി വർക്കിങ് കമ്മിറ്റിയിൽ നിന്ന് എംഎഎല്‍എയെ പുറത്താക്കിയതായി അധ്യക്ഷൻ ശരത്പവാർ അറിയിച്ചു. പാർട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ചു എന്നുകാണിച്ച് ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിലാണ് നടപടി.
തന്നെ കൊലപ്പെടുത്തി അപകടമരണമാണെന്ന് വരുത്തി തീർക്കാന്‍ ശ്രമിച്ചെന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തലിൽ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ നേതൃത്വം വിഷയത്തിലിടപെടുന്നത്. അതേസമയം, തനിക്കെതിരെ എന്ത് നടപടിയുണ്ടായാലും പരാതിയിൽ നിന്ന് പിന്നോട്ടുപോകില്ലെന്നാണ് എംഎല്‍എയുടെ നിലപാട്.
തിരുവനന്തപുരത്തുനിന്ന് കുട്ടനാട്ടിലേക്കുള്ള പോകുംവഴി തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്നാണ് എംഎല്‍എ ഡിജിപിക്ക് നൽകിയിരിക്കുന്ന പരാതി. എൻസിപി മുൻ പ്രവർത്തകസമിതി അംഗമായ റെജി ചെറിയാനും മുൻ ഡ്രൈവർ തോമസ് കുരുവിളയും (ബാബുക്കുട്ടി) ചേർന്ന് തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് എംഎല്‍എ പരിതിയില്‍ പറയുന്നു. തന്നെ കൊലപ്പെടുത്തിയ ശേഷം കുട്ടനാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു ലക്ഷ്യമെന്നും പരാതിയില്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഇത് പാർട്ടിക്ക് ഗുരുതരമായ അവമതിപ്പുണ്ടാക്കി എന്നാണ് ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തല്‍.
എംഎല്‍എയുടെ പരാതി ഗുരുതരമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും, ആർക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here