‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’; സംസ്ഥാന വ്യാപക സമരത്തിന് കോൺഗ്രസ്

സർക്കാരിൻ്റെ സ്ത്രി വിരുദ്ധ നിലപാടുകൾക്കെതിരെ ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ പ്രക്ഷോഭവുമായി കോൺഗ്രസ്. ആരോപണ വിധേയർക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സംസ്ഥാന വ്യാപകമായി ഈ മാസം 29ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന സമരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിർവഹിക്കും. സെപ്റ്റംബര്‍ 2ന് യുഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തിൽ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കി.
ലൈംഗിക അതിക്രമവും ചൂഷണവും ബോധ്യപ്പെട്ടിട്ടും തെളിവുകൾ സർക്കാരിൻ്റെ പക്കലുണ്ടായിട്ടും വേട്ടക്കാരെ സംരക്ഷിച്ച നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചാണ് സമരം. കുറ്റാരോപിതരായവരെ സംരക്ഷിക്കാനും മഹത്വവത്കരിക്കാനും ശ്രമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന് പദവിയിൽ തുടരാനുള്ള യോഗ്യതയില്ല. തിലകനെ സിനിമാരംഗത്ത് നിന്നും വിലക്കാൻ മന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടെന്ന ആരോപണത്തിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
വിവരാവകാശ കമ്മിഷന്‍ നിർദേശിക്കാത്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചിലരെയും കുറ്റാരോപിതരെയും സംരക്ഷിക്കാനാണ്. കുറ്റാരോപിതനായ മുകേഷ് എംഎൽഎയെ ഉൾപ്പെടുത്തിയാണ് ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി നടത്തുന്ന കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതി രൂപികരിച്ചത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടലാണ് കേരളീയ സമൂഹം പ്രതീക്ഷിച്ചത്. എന്നാലത് ഉണ്ടായില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here