പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിരവധി അഴിമതികൾക്കെതിരെ കരുത്തുറ്റ ശബ്ദമായി നിലകൊണ്ട പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. തിങ്കളാഴ്ച രാവിലെ കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഗിരീഷ് ബാബു വീണ്ടും പൊതുപ്രവർത്തന രംഗത്ത് സജീവമായി തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ഈ വിടവാങ്ങൽ.
അനീതിക്കെതിരെ നിയമപരമായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത വ്യക്തിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ ഗിരീഷ് സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് പെട്ടന്നുള്ള ഈ വിയോഗം. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി നേരത്തെ തള്ളിയിരുന്നു.
ഇതിനുപുറമെ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപ്പെട്ട പാലാരിവട്ടത്തെ അഴിമതി കേസ്, ചിലവന്നൂരിൽ കായൽ കയ്യേറി നടൻ ജയസൂര്യ നിർമ്മിച്ച സ്വകാര്യ ബോട്ട് ജെട്ടി, ഗായകൻ എം ജി ശ്രീകുമാർ തീരദേശ പരിപാലന നിയമം ലംഘിച്ചു പണികഴിപ്പിച്ച വീട് തുടങ്ങി ഒട്ടനവധി പ്രമുഖർ ഉൾപ്പെട്ട കേസുകൾ പുറംലോകമറിഞ്ഞത് ഗിരീഷ് ബാബുവിന്റെ ഇടപെടൽ കൊണ്ടാണ്.
രാവിലെ ഭാര്യ വിളിച്ചിട്ട് മുറി തുറക്കാത്തതിനാൽ നാട്ടുകാർ എത്തി കതക് പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here