യൂട്യൂബർ ‘ചെകുത്താനെ’തിരെ മാനനഷ്ടകേസുമായി നടന്‍ ബാല; വക്കീല്‍ നോട്ടീസയച്ചു
‘ചെകുത്താൻ’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനിനെതിരെ മാനനഷ്ടകേസ് നല്‍കാനുള്ള നീക്കവുമായി നടൻ ബാല. അപകീർത്തികരമായ പ്രസ്താവനകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമം നടത്തിയെന്ന് ആരോപിച്ച് അജു അലക്‌സിനെതിരെ ബാല വക്കീൽ നോട്ടീസയച്ചു. വീടുകയറി ആക്രമിച്ചെന്ന യൂട്യൂബറുടെ വാദം തെറ്റാണെന്നും മൂന്നു ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.
കാക്കനാടുള്ള ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി എന്ന യൂട്യൂബറുടെ പരാതിയില്‍ ബാലയുടെ വീട്ടിലെത്തി തൃക്കാക്കര പൊലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചുകൊണ്ടുള്ള പ്രതിരോധം. ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ചുകയറി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നിങ്ങനെയാണ് താരത്തിനെതിരായ പരാതികള്‍. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദറാണ് പരാതിക്കാൻ. യൂട്യൂബ് വീഡിയോയുടെ പേരിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, വീട്ടിലെ പരിശോധനയിൽ പരാതിക്കാർ പരാമർശിക്കുന്ന തോക്ക് കണ്ടെത്തിയില്ല.
സിനിമാ താരങ്ങളെ നിരന്തരം ആക്ഷേപിക്കുന്ന എന്ന ആരോപണം നേരിടുന്ന സന്തോഷ് വർക്കിയുടെ (ആറാട്ടണ്ണൻ) ഒരു വിഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇതില്‍ സന്തോഷ് വർക്കിയെക്കൊണ്ട് ബാല മാപ്പു പറയിച്ചിരുന്നു. പിന്നാലെ മാപ്പു പറയിക്കാൻ ബാല കോടതിയാണോ എന്നു ചോദ്യവുമായി അജുഅലക്സ് ഒരു വിഡിയോ പുറത്തുവിട്ടു. ഇതേതുടർന്നുള്ള പ്രകോപനത്തിലാണ് സന്തോഷ് വർക്കിക്കൊപ്പം ബാല യൂട്യൂബറുടെ ഫ്ലാറ്റിലെത്തിയത്. എന്നാൽ സംഭവ സമയത്ത് യൂട്യൂബറുടെ സുഹൃത്ത് മാത്രമാണ് മുറിയിലുണ്ടായിരുന്നത്. ഇയാളെ ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് നടനെതിരായ ആരോപണം. ഈ വാദം ബാല നിഷേധിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here