‘വഞ്ചിച്ചയാളെ പാർട്ടി സംരക്ഷിക്കുന്നു’; നടി ഗൗതമി ബിജെപി വിട്ടു
ചെന്നൈ: ചലച്ചിത്ര താരം ഗൗതമി ബിജെപി വിട്ടു. 25 വർഷമായിയുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പാർട്ടി നേതൃത്വത്തിന് ഒക്ടോബർ 23ന് അയച്ച രാജി കത്തിൽ പറയുന്നു. വിശ്വാസവഞ്ചന കാണിച്ചയാളെ പാർട്ടി ഇപ്പോഴും പിന്തുണക്കുന്നതാണ് രാജിക്ക് കാരണമെന്ന് ഗൗതമി വ്യക്തമാക്കി.
‘കുടുംബ സുഹൃത്തായ സി. അഴകപ്പൻ സ്വത്തും പണവും തട്ടിയെടുത്തു. 20 വർഷം മുൻപാണ് അനാഥയും ഒരു കുട്ടിയുടെ ഏക രക്ഷിതാവുമായ എന്നെ അഴകപ്പൻ സമീപിക്കുന്നത്. ഈ അവസ്ഥയിൽ കരുതലുള്ള ഒരു മുതിർന്ന വ്യക്തിയെ പോലെയാണ് ഇയാൾ സമീപിച്ചത്. അത് കൊണ്ടാണ് സ്വത്തുക്കളും സ്ഥലവും മറ്റും കൈകാര്യം ചെയ്യാൻ ഏൽപിച്ചത്. എന്നാൽ വിശ്വാസവഞ്ചനയിലൂടെ എല്ലാം തട്ടിയെടുത്തെന്ന് ഈ അടുത്താണ് തിരിച്ചറിഞ്ഞത്. നിരവധി പരാതി നൽകിയിട്ടും നൂലാമാലകളിൽ ഇഴയുകയാണ് എല്ലാം. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും അഴഗപ്പനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്ക് ഒളിത്താവളം ഒരുക്കുന്നത് ചില മുതിർന്ന ബിജെപി നേതാക്കളാണ്. മാത്രമല്ല തനിക്ക് ഒരു പിന്തുണയും പാർട്ടിയിൽ നിന്ന് ലഭിച്ചിട്ടുമില്ല. എന്റെയും മകളുടെയും സുരക്ഷിതമായ ഭാവിക്ക് വേണ്ടി പോരാടും. ‘- കത്തിൽ പറയുന്നു
2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം പാർട്ടി തീരുമാനം മാറ്റി. എന്നിട്ടും പാർട്ടി പ്രവർത്തനം ആത്മാർഥമായി തുടർന്നുവെന്നും ഗൗതമി വ്യക്തമാക്കി. മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും രാജിക്കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അഴഗപ്പനെതിരെ ഗൗതമി പോലീസിൽ പരാതി നൽകിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here