പഠനം തുടരാൻ ഇന്ദ്രൻസ്, എഴുതിയെടുക്കുന്നത് പത്താം ക്ലാസ് തുല്യതാ പരീക്ഷ

“ഇപ്പോള്‍ എനിക്ക് പഠിക്കണമെന്ന് തോന്നി, അന്ന് പുസ്തകവും വസ്ത്രവും വാങ്ങാന്‍ കാശില്ല, പഠിത്തം ഇല്ലാത്തത് കാഴ്ച ഇല്ലാത്ത പോലെയാണ്. എനിക്ക് കാഴ്ച വേണം,” മാധ്യമ സിന്‍ഡിക്കറ്റിനോട് സംസാരിക്കുമ്പോള്‍, പാതിവഴിയില്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം 67ാം വയസില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആവേശത്തിലായിരുന്നു നടന്‍ ഇന്ദ്രന്‍സ്.

തിരുവനന്തപുരം നഗരസഭയുടെ അക്ഷരശ്രീ പദ്ധതിയില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കാനുള്ള അപേക്ഷ നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വീണ്ടും പഠിക്കാനായി ഇന്ദ്രന്‍സ് എത്തുന്നത്. നാലാം ക്ലാസ് വരെ വീടിനടുത്തുള്ള കുമാരപുരം യു പി സ്‌കൂളിലാണ് ഇന്ദ്രന്‍സ് പഠിച്ചത്. അതിനു ശേഷം എട്ടാം ക്ലാസ്സില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അന്ന് പുസ്തകവും വസ്ത്രവും വാങ്ങാന്‍ കാശില്ലാത്തതുകൊണ്ടാണ് പഠനം നിര്‍ത്തിയതെന്ന് മുന്‍പ് ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

“കോര്‍പറേഷന്‍ പദ്ധതിയായ അക്ഷരശ്രീയെ കുറിച്ച് വാര്‍ഡ് മെമ്പര്‍ ഡി ആര്‍ അനില്‍ ആണ് പറഞ്ഞത്. ഫോം വാങ്ങി പൂരിപ്പിച്ചു. ആഴ്ചയില്‍ ഒരിക്കലാണ് ക്ലാസ്. ആഗ്രഹം തോന്നിയാണ് ചേര്‍ന്നത്. തിരക്കുകള്‍ കാരണം ക്ലാസ്സില്‍ എത്താനാകുമോ എന്നറിയില്ല,” ഇന്ദ്രന്‍സ് പറഞ്ഞു. ആദ്യ ക്ലാസ് ഞായറാഴ്ചയാണ്. അന്ന് ഷൂട്ടിംഗ് ഉള്ളതിനാല്‍ ആബ്‌സെന്റ് ആവാനാണ് സാധ്യതയെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

“10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസ്സുവരെ ഇന്ദ്രന്‍സ് പഠിച്ചതിന്റെ രേഖകളൊക്കെ മിഷന്‍ പ്രേരക് ശേഖരിച്ചെന്നും, ഇന്ദ്രന്‍സിന്റെ പഠനം മറ്റുള്ളവര്‍ക് പ്രചോദനമാകും,” തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ മാധ്യമ സിന്‍ഡിക്കേറ്റിനോട് പറഞ്ഞു.

തയ്യല്‍ക്കാരനായി ജോലി ചെയ്തു തുടങ്ങിയ ഇന്ദ്രന്‍സ് അഭിനയത്തിന് അക്ഷരം കുറിച്ചത് അമച്വര്‍ നാടകവേദികളിലാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ‘കളിവീട്’ എന്ന ടെലിസീരിയലില്‍ അഭിനയിച്ചുകൊണ്ട് അഭിനയം തൊഴിലാക്കി. സുരേന്ദ്രന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഇന്ദ്രന്‍സ് എന്നത് അദ്ദേഹത്തിന്റെ തയ്യല്‍ക്കടയുടെ പേരായിരുന്നു. സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്വന്തം പേരും മാറ്റിയത്. 260-ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2018-ല്‍ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ല്‍ ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. 2018 ല്‍ പുറത്തിറങ്ങിയ ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top