‘മധുമൊഴി’; മധുവിന്റെ നവതി ആഘോഷം 23ന്

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും നടന വിസ്മയമായ മധുവിന്റെ 90 -ാം പിറന്നാൾ ആഘോഷിക്കാൻ ട്രിവാൻഡ്രം ഫിലിം ഫ്രെട്ടേണിറ്റി സംഘടന. നവതി ആഘോഷം ‘മധുമൊഴി’ സെപ്റ്റംബർ 23ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാന്ധിയിൽ വെച്ച് നടക്കും. മധു സഞ്ചരിച്ച കാലഘട്ടതിന്‍റെ ഓര്‍മ്മ പുതുക്കലായിട്ടാണ് നവതി ആഘോഷിക്കുന്നതെന്ന് ജി. സുരേഷ് കുമാര്‍ അറിയിച്ചു.

മോഹൻലാൽ, ദിലീപ്, ബിജു മേനോൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ നവതി ആഘോഷത്തിൽ പങ്കെടുക്കും. കെ.എസ് ചിത്ര, സുജാത, എം.ജി രാധാകൃഷ്ണന്‍, മധു ബാലകൃഷ്ണന്‍ തുടങ്ങി നാല്‍പതോളം സംഗീത പ്രതിഭകള്‍ മധുവിന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിക്കും. മധുവിന്റെ ജീവിത യാത്രയെക്കുറിച്ച് ഗോപാലകൃഷ്ണന്‍ തയ്യാറാക്കിയ പുസ്തകം ‘അതിമധുരം’ പ്രകാശനം ചെയ്യും.

നവതിക്ക് മുന്നോടിയായി 22ന് വൈകിട്ട് ടാഗോര്‍ തീയറ്ററില്‍വച്ച് ദേശിയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിനെ ആദരിക്കും. പുഷ്പന്‍ ദിവാകരന്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍റ്റി ‘അഭ്രപാളികളിലെ മധുരം’ പ്രദര്‍ശിപ്പിക്കും. മധുവിന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലുകളിലൂടെയുള്ള യാത്രയാണ്‌ ഈ ഡോക്യുമെന്‍റ്റി.

Logo
X
Top