ബിനോയ് വിശ്വത്തിൻ്റെ താക്കീതിന് പുല്ലുവില; മുകേഷ് രാജിവച്ചേ പറ്റു; നിലപാടിലുറച്ച് ആനി രാജ

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ചലച്ചിത്ര നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് സിപിഐ ദേശിയ നേതാവ് ആനി രാജ. ഇത്തരം സന്ദർഭങ്ങളിൽ ഇടതുപക്ഷം സ്ത്രീപക്ഷത്താണ് നിലകൊള്ളേണ്ടത്. മറ്റുള്ളവര്‍ എന്ത് നടപടിയെടുത്തു എന്നതിനനുസരിച്ച് മാറ്റാനുള്ളതല്ല ഇടതു നിലപാടെന്നും അവർ പ്രതികരിച്ചു.
നടൻ രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം നിലപാടിനെതിരെ പ്രതികരിക്കുക ആയിരുന്നു അവർ. മുകേഷ് രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ സർക്കാർ നടപടിയെടുക്കണം എന്നായിരുന്നു ആനി രാജ നേരത്തേയും ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാട് പറഞ്ഞ ദേശീയ കമ്മറ്റി അംഗത്തിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം രംഗത്തു വന്നിരുന്നു.
മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കിയാൽ മാത്രം മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനം രാജിവച്ച ശേഷം കുറ്റവിമുക്തനാക്കപ്പെട്ടാല്‍ തിരിച്ചു വരാന്‍ കഴിയില്ലെന്ന ന്യായീകരണമാണ് അദ്ദേഹം നിരത്തിയത്. കേരളത്തിലെ പാർട്ടിയുടെ നിലപാട് പറയേണ്ടത് സംസ്ഥാന നേതാക്കളാണ് അല്ലാതെ ദേശീയ നേതാക്കളല്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ആനി രാജയെ തള്ളി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് വന്നത്.
ബലാത്സംഗക്കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നതിനെതിരെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പത്തനാപുരം മുൻ എംഎൽഎയുമായിരുന്ന കെ പ്രകാശ് ബാബുവും പ്രതികരിച്ചിരുന്നു. ഇവരുടെ പരസ്യ പ്രതികരണത്തെ തുടർന്നാണ് വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരായത്. ഇതാണ് ബിനോയ് വിശ്വത്തെ ചൊടിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here