ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിന് ചുട്ടമറുപടിയുമായി നടന്‍ സിദ്ധാർത്ഥ്; ‘പരീക്ഷക്ക് പഠിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗം അവസാനിപ്പിക്കൂ’
ഇഷ്ട താരം കമന്റ് ചെയ്‌താല്‍ മാത്രമേ പരീക്ഷയ്ക്ക് പഠിക്കുകയുള്ളൂ എന്ന ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിന് മറുപടിയുമായി തമിഴ് നടന്‍ സിദ്ധാർത്ഥ്. “പരീക്ഷയ്ക്ക് പഠിക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്തി പഠിച്ച് പരീക്ഷ എഴുതാന്‍ നോക്കൂ. ഇത് തികച്ചും അസംബന്ധമായ ട്രെന്‍ഡ് ആണ്. നിങ്ങളുടെ പോസ്റ്റിനു താഴെ മറുപടി നല്‍കില്ല.” സിദ്ധാർത്ഥ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിദ്ധാർത്ഥ് കമന്റ് ഇട്ടാല്‍ മാത്രമേ പരീക്ഷയ്ക്ക് പഠിക്കൂ, പരീക്ഷ എഴുതുകയുള്ളു, ഭാവി കാര്യങ്ങള്‍ നോക്കൂ, തുടങ്ങിയ വീഡിയോകള്‍ താരത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടതായി പറയുന്നു. സിദ്ധാര്‍ഥ് പങ്കുവെച്ച വീഡിയോയുടെ അവസാനം ദയവുചെയ്ത് പോയി ഇരുന്ന് പഠിക്കണമെന്ന് താരം ആവശ്യപ്പെടുന്നുമുണ്ട്.
സിദ്ധാർത്ഥിന്റെ പോസ്റ്റിനു താഴെ കയ്യടികളുമായി നിരവധിപ്പേര്‍ രംഗത്തെത്തി. ആരെങ്കിലുമൊക്കെ ഇത് പറയാന്‍ കാത്തിരിക്കുകയായിരുന്നെന്നും ഒരാളെങ്കിലും ഇതിനെതിരെ പ്രതികരിച്ചെന്നും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡിനെതിരെ ഒരു സെലിബ്രിറ്റി പ്രതികരിക്കുന്നത് ഇതാദ്യമാണ്. ഏഴ് മില്ല്യണ്‍ ആളുകളാണ് സിദ്ധാർഥിന്‍റെ വീഡിയോ കണ്ടത്.
ഇഷ്ടതാരത്തിനെക്കൊണ്ട് പോസ്റ്റിനു താഴെ കമന്‍റ് ചെയ്യിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ള വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പരക്കുന്നത്. കമന്റ് ഇട്ടാല്‍ മാത്രമേ പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തു എന്നടക്കമുള്ള കാരണങ്ങളും തലക്കെട്ടായി നല്‍കും. ഇത്തരം വീഡിയോകള്‍ക്ക് സെലിബ്രിറ്റികള്‍ മറുപടി നല്‍കിയതോടെ ട്രെന്‍ഡ് ഹിറ്റായി. ആലിയ ഭട്ട്, ടൊവിനോ തോമസ്, നസ്ലെന്‍, വിജയ് ദേവരക്കൊണ്ട, എന്തിനേറെ പറയുന്നു അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയിസില്‍ പ്രധാന വേഷത്തിലെത്തിയ പതിനൊന്ന് പേരും ഇത്തരം പോസ്റ്റിനു മറുപടി നല്‍കി. മഞ്ഞുമ്മല്‍ ബോയിസ് കമന്റ് ചെയ്താല്‍ ചിത്രം കാണാം എന്ന വീഡിയോയ്ക്ക് കീഴെയാണ് ഇവര്‍ കമന്റ് ഇട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here