മുൻകൂർ ജാമ്യത്തിനുള്ള നീക്കവുമായി സിദ്ദിഖ്; ഹൈക്കോടതിയെ സമീപിച്ചേക്കും
യുവ നടിയുടെ പരാതിയിൽ ബലാത്സംഗക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവുമായി നടൻ സിദ്ദിഖ്. കൊച്ചിയിലെ അഭിഭാഷകനുമായി നടൻ ചർച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈക്കോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ തീരുമാനം. ബലാത്സംഗം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചുള്ള നടിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് 2016ൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. നടിയുടെ ആരോപണം വന്നതോടെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം നടിയോട് ആരാഞ്ഞിരുന്നു. ഡിജിപിക്കാണ് നടി പരാതി നല്‍കിയത്. ഈ പരാതി അന്വേഷണ സംഘത്തിന് കൈമാറുകയും തുടര്‍ന്ന് മ്യൂസിയം പോലീസ് കേസ് എടുക്കുകയുമായിരുന്നു.
തിരുവനന്തപുരം നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടേ’ സിനിമയുടെ പ്രിവ്യൂവിനാണ് സിദ്ദിഖ് യുവനടിയെ കണ്ടത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലേക്ക് സിനിമ ചര്‍ച്ച ചെയ്യാനായി വിളിപ്പിക്കുകയും മുറി അടച്ചിട്ട് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. തന്റെ പരാതി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ കാര്യവും നടി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സിദ്ദിഖും യുവതിക്ക് എതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ സിദ്ദിഖ് പറയുന്നത്. ആരോപണം ഉയര്‍ന്നതോടെ താരസംഘടന ‘അമ്മ’ ജനറല്‍ സെക്രട്ടറി പദവി സിദ്ദിഖ് രാജിവച്ചിരുന്നു.
ബാബുരാജ് അടക്കമുള്ള ‘അമ്മ’യുടെ മറ്റു ഭാരവാഹികള്‍ക്ക് എതിരെയും സമാനലൈംഗിക ആരോപണം ഉയര്‍ന്നതോടെ അമ്മയുടെ ഭരണസമിതി അംഗങ്ങള്‍ ഒന്നടങ്കം രാജിവച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തീരുമാനിക്കുമെന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here