ടിപി മാധവൻ അന്തരിച്ചു; അരങ്ങൊഴിഞ്ഞത് പത്രപ്രവർത്തനത്തിൽ നിന്നും സിനിമയില്‍ എത്തിയ പ്രതിഭ

ചലച്ചിത്ര നടൻ ടിപി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ നിരീഷണത്തിൽ ആയിരുന്നു.
വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ്. ഫ്രീ പ്രസ് ജേണലിൽ മാധ്യമ പ്രവർത്തകനായിരുന്ന മാധവൻ പിന്നീട് അഭിനയരംഗത്തേക്ക് വഴിമാറുകയായിരുന്നു.1975ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെ നാൽപ്പതാം വയസിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടര്‍ന്ന് അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് ടിപി മാധവൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ശാരീരിക അവശതകളെയും മറവിരോഗത്തെയും തുടർന്ന് 2016 ൽ സിനിമാഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. 2016 മുതൽ വരെ ഗാന്ധി ഭവനിൽ വിശ്രമജീവിതം നയിച്ച് വരുന്നതിന് ഇടയിലാണ് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here