‘പൗരത്വ ഭേദഗതി നിയമം തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കരുത്; ഇത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം’; ആദ്യ രാഷ്ട്രീയ പ്രതികരണം നടത്തി നടന്‍ വിജയ്‌

ചെന്നൈ: പൗരത്വ ഭേദഗതി നിയമം തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് നടനും തമിഴ് വെട്രി കഴകം (ടിവികെ) പാര്‍ട്ടി അധ്യക്ഷനുമായ വിജയ്‌. കേന്ദ്രസര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ല. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിത്. പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള നടന്‍റെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്. എക്സിലെ പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വിജയ്‌ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

‘നിയമം സാമൂഹിക ഐക്യം തകര്‍ക്കും. രാജ്യത്തെ ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്നിടത്ത് പൗരത്വ ഭേദഗതി നിയമം പോലുള്ളവ നടപ്പാക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. തമിഴ്‌നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണം.’ വിജയ്‌ അറിയിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമം കേന്ദ്രത്തിന്‍റെ വിഭജന അജന്‍ഡയെ ആയുധവത്ക്കരിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. കേരളത്തിനു പുറമേ തമിഴ്നാടും സിഎഎക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്തും നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള ഷഹീൻബാ​ഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പോലീസും ഇന്ന് ഫ്ലാ​ഗ് മാർച്ച് നടത്താനാണ് തീരുമാനം. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അസമില്‍ യുണൈറ്റഡ് അസം ഫോറം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്നലെ വൈകിട്ടാണ് പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി മതവിഭാഗത്തിൽപ്പെട്ടവർക്കാണ് പൗരത്വം നൽകുന്നത്. മുസ്ലിം വിഭാഗക്കാർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. അപേക്ഷിക്കുന്നവരിൽ നിന്ന് യാതൊരു രേഖയും ആവശ്യപ്പെടില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷയിൽ വ്യക്തമാക്കണം. പൂർണമായും ഓൺലൈനായാണ് നടപടികളെല്ലാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top