തമിഴക രാഷ്ട്രീയത്തില്‍ പുതിയ താരോദയം; മാസ് എന്‍ട്രിയുമായി വിജയ്; ടിവികെ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
തമിഴ് സൂപ്പർതാരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ജനക്കൂട്ടം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലേക്ക് എത്തിയത്.
താരത്തിളക്കത്തോടെയാണ് വേദിയിലേക്ക് വിജയ് എത്തിയത്. തിരക്കിനിടെ നിരവധി പേര്‍ കുഴഞ്ഞുവീണു. 110 അടി ഉയരത്തിലാണ് കൊടിമരം. റിമോട്ട് ഉപയോഗിച്ചാണ് പാർട്ടിപതാക ഉയർത്തിയത്. കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ആരാധകര്‍ എത്തിയിട്ടുണ്ട്.
സമീപപ്രദേശങ്ങളിലെ ഹോട്ടലുകള്‍ എല്ലാം മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. പാര്‍ട്ടി രൂപീകരിച്ച് എട്ട് മാസങ്ങൾക്ക് ശേഷം ആദ്യ സമ്മേളനം നടക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. സമ്മേളനം വീക്ഷിക്കാന്‍ കൂറ്റന്‍ വീഡിയോ വാളുകളുമുണ്ട്. സുരക്ഷയൊരുക്കാൻ അയ്യായിരത്തിലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗോട്ട്’ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം നേടിയിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനവും നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here