നടന്‍ വിജയ് ഉടന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; ഉപതിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ടിവികെ; തമിഴ്‌നാട് ഭരണം ലക്ഷ്യം
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലാകും നടന്‍ വിജയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റമെന്ന് ഉറപ്പായി. ഉപതിരഞ്ഞെടുപ്പിലും അതിനുശേഷമുള്ള തദ്ദേശ തിരഞ്ഞെടുപ്പിലും തമിഴക വെട്രി കഴകം എന്ന തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്ന് വിജയ് വാര്‍ത്താക്കുറിപ്പിറക്കി. അടുത്തമാസം പത്തിനാണ് വിക്രവാണ്ടി നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ ഡിഎംകെ വിജയമുറപ്പിച്ച സീറ്റായതിനാല്‍ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയിരുന്നു. പിന്നാലെയാണ് ടിവികെയും നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ 2026ല്‍ തമിഴ്‌നാട് ഭരണം പിടക്കുകയാണ് ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യവുമായി മുന്നോട്ടു പോകാനാണ് പ്രവര്‍ത്തകര്‍ക്ക് വിജയ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പും പാര്‍ട്ടി കാര്യമായി എടുക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് നടന്‌റെ അമ്പതാം പിറന്നാള്‍. അത് ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ടിവികെ പ്രവര്‍ത്തകരും അണികളും ഇപ്പോള്‍. ഈ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഏറെനാളായി നടന്‍ രാഷ്ട്രീയത്തില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here