നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; സാക്ഷിമൊഴി പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ചിന് കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് നടപടി. തീര്‍പ്പാക്കിയ കേസിലെ മൊഴി പകര്‍പ്പ് നല്‍കരുതെന്നായിരുന്നു ദിലീപിന്‍റെ വാദം. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരായ ഹര്‍ജിയാണ് തള്ളിയത്.
അന്വേഷണ റിപ്പോര്‍ട്ട് പോലെ തന്നെ റിപ്പോര്‍ട്ടിനാധാരമായ മൊഴികളും ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്നാണ് അതിജീവിതയുടെ നിലപാട്. മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലെ നടപടിക്രമങ്ങളില്‍ ദിലീപ് കക്ഷിയല്ല. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടോ മൊഴിപ്പകര്‍പ്പോ ലഭിക്കുന്നതിനെ ദിലീപിന് എതിര്‍ക്കാനാവില്ലെന്നുമാണ് അതിജീവിതയുടെ വാദം.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് 3 പേർ പരിശോധിച്ചിരുന്നതായി ജില്ല സെഷൻസ് കോടതി ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി.എ. മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായ അന്വേഷണമല്ല ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here