‘Its tragically shocking’; പീഡനദൃശ്യം കോടതി ജീവനക്കാരൻ വീട്ടിൽ കൊണ്ടുപോയി കണ്ടുവെന്ന റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ച് നടി; ‘എൻ്റെ സ്വകാര്യതക്ക് കോടതിയിലും വിലയില്ലേ’

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതി ജീവനക്കാരടക്കം പലരും തുറന്നു കണ്ടുവെന്ന അന്വേഷണ റിപ്പോർട്ടിൽ ആദ്യമായി പ്രതികരണം അറിയിച്ച് അതിജീവിത.

Shocking and Unfair എന്ന് തലക്കെട്ടിട്ട് എഴുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, കോടതിയിൽ പോലും തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല എന്ന ദുഃഖമാണ് പങ്കുവയ്ക്കുന്നത്. Its tragically shocking എന്നവർ പറയുന്നു. തുടർന്ന് അവരുടെ വാക്കുകൾ ഇങ്ങനെ:

“പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശമാണെന്നിരിക്കെ കോടതിയിൽ ഇരുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിൻ്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. And it is very scary to know that my privacy is not currently safe in this court. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, I will continue my fight until I get justice. ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ”.

2017 ഫെബ്രുവരി 17ന് അർദ്ധരാത്രിയാണ് ഓടുന്ന കാരിൽ കൊച്ചി നഗരത്തിൽ നടി ഹീനമായ അതിക്രമത്തിന് ഇരയായത്. പ്രതികൾ തന്നെ ചിത്രീകരിച്ച ഇതിൻ്റെ ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ച ശേഷം ഇത് സൂക്ഷിച്ച മൂന്നു കോടതികളിലും വച്ച് ഇതിൻ്റ മെമ്മറി അനധികൃതമായി കൈകാര്യം ചെയ്യപ്പെട്ടു എന്നാണ് കണ്ടെത്തിയത്. ആദ്യം അങ്കമാലി കോടതിയിലെ മജിസ്ട്രേട്ട് ഒരു വർഷത്തോളം ഇത് കൈവശം വച്ചു. അതിനിടയിൽ ഒരു തവണ തുറന്നു കണ്ടതിനു തെളിവുണ്ട്. തുടർന്ന് മെമ്മറി കാർഡ് സൂക്ഷിച്ച എറണാകുളം ജില്ലാ കോടതിയിലെ ബെഞ്ച് ക്ലാർക്ക് 2018ൽ, പിന്നീട് കാർഡ് സൂക്ഷിച്ച വിചാരണാ കോടതിയിലെ ശിരസ്തദാർ 2021ൽ എന്നിങ്ങനെയാണ് ഓരോരുത്തരും സ്വന്തം മൊബൈൽ ഫോണിൽ കാർഡ് ഇട്ട് ഈ ദൃശ്യങ്ങൾ കണ്ടത്. ഈ ഓരോ സംഭവങ്ങളും കേസെടുത്ത് അന്വേഷിക്കണം എന്നും പ്രത്യേക പോലിസ് സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്.

Logo
X
Top