നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡിൽ മൂന്ന് അനധികൃത പരിശോധനകൾ; അന്വേഷണ റിപ്പോര്‍ട്ടില്‍ അതീവ ഗുരുതര കണ്ടെത്തലുകള്‍; അതിജീവിത ഹൈക്കോടതിയിലേക്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണ റിപ്പോര്‍ട്ട്. മൂന്ന് തവണ അനധികൃതമായി കാർഡ് പരിശോധിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ആണ് ഒന്നാമതായി കാർഡ് പരിശോധിച്ചത്. 2018ൽ ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, 2022ൽ വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് സ്വന്തം ഫോണിൽ മെമ്മറികാര്‍ഡ് പരിശോധിച്ചത്.

ഒരു വർഷത്തോളമാണ് അങ്കമാലി മജിസ്‌ട്രേറ്റ് സ്വന്തം കസ്റ്റഡിയിൽ കാർഡ് സൂക്ഷിച്ചത്. ഈ കാലത്ത് കാർഡിൽ പരിശോധന നടന്നതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് കൈവശം വെച്ചതെന്നാണ് മജിസ്‌ട്രേറ്റ് ഇതിന് മൊഴി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഡിസംബര്‍ 13ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചു. കോടതി സമയം കഴിഞ്ഞ് രാത്രി 10.52നായിരുന്നു ഇത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കാര്‍ഡ് ഫോണില്‍ ഇട്ട് പരിശോധിച്ചതെന്നും എന്നാൽ ഈ ഫോൺ 2022 ഫെബ്രുവരിയില്‍ യാത്രക്കിടെ നഷ്ടമായെന്നും മഹേഷ് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജൂലൈ 19ന് വിചാരണ കോടതി ശിരസ്തദാര്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. താജുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനാണ് പരിശോധിച്ചത്. കോടതി ചെസ്റ്റില്‍ സൂക്ഷിക്കേണ്ട മെമ്മറി കാര്‍ഡാണ് ശിരസ്തദാര്‍ പരിശോധിച്ചത്.

എന്നാല്‍ ജില്ലാ ജഡ്ജിയുടെവസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അതിജീവിത ഉന്നയിക്കുന്ന ആശങ്കകള്‍ റിപ്പോര്‍ട്ടില്‍ ശരിവയ്ക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ ക്രമിനല്‍ കേസെടുക്കാൻ ശുപാര്‍ശയില്ല. അതിനാലാണ് റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ക്രിമിനൽ കേസെടുത്ത് അന്വേഷണം വേണം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നും അഡ്വ.ടി.ബി.മിനി മുഖേന അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണെന്ന ആരോപണവും അതിജീവിത ഹൈക്കടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ ആരോപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചിട്ടില്ല. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണുകൾ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top