നേരിടുന്നത് ബലാത്സംഗക്കേസുകള്‍; സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ പ്രതികളായ നടന്‍ സിദ്ദിഖിന്റെയും കൊല്ലം എംഎല്‍എയായ മുകേഷിന്റെയും മുന്‍‌കൂര്‍ ജാമ്യാപേക്ഷകള്‍ കോടതി ഇന്ന് പരിഗണിക്കും. ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെയാണ് സമീപിച്ചത്. മുകേഷ് മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതിയിലാണ് നല്‍കിയത്. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. അഞ്ചു വർഷം മുൻപ് സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്നു പറഞ്ഞിരുന്നില്ല. ഇപ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് തന്നെ അപമാനിക്കാനാണെന്നാണ് സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ സിനിമാ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ശേഷം തന്നെ മുറി പൂട്ടിയിട്ട് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് യുവനടി നല്‍കിയ പരാതി. 2016ലാണ് കേസിന് ആസ്പദമായ സംഭവം. നടിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നടിയുമായി പോലീസ് സംഘം ഹോട്ടലില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴുപേര്‍ക്ക് എതിരെയാണ് യുവനടി പരാതി നല്‍കിയത്. മുകേഷിനെതിരായ നടിയുടെ രഹസ്യമൊഴിയും മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിരുന്നു. നടിക്ക് അടുത്തകാലം വരെ മുകേഷുമായുണ്ടായിരുന്ന സൗഹൃദം തെളിയിക്കാനുള്ള ഡിജിറ്റൽ രേഖകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയില്‍ നല്‍കിയിട്ടുണ്ട്.

ബലാത്സംഗത്തിനാണ് മുകേഷിനെതിരെ പോലീസ് കേസ്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് മരട് പോലീസ് കേസെടുത്തത്. ഐപിസി 376(1), 452, 509 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കേസ് ആണിത്. കേസുമായി ബന്ധപ്പെട്ട് മുകേഷിന്റെ കൊച്ചി മരടിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top