യുവനടിയുടെ പരാതിയില്‍ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരെ കേസ്; നടപടി ശക്തം
സിനിമയിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. യുവനടിയുടെ പരാതിയിലാണ് നടന്മാരായ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരേയാണ് കേസ്. ബലാത്സംഗക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നടിയില്‍ നിന്നും പ്രത്യേക അന്വേഷണസംഘം മൊഴി എടുത്തിരുന്നു. ഫോര്‍ട്ട് കൊച്ചി പോലീസാണ് മണിയന്‍പിള്ള രാജുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം നോര്‍ത്ത് പോലീസാണ് ഇടവേള ബാബുവിനെതിരേ കേസെടുത്തത്.
യുവനടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്; രാജി ആവശ്യം ശക്തമാകുന്നു
അതേസമയം യുവനടിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തി നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 376(1), 452, 509 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കേസ് ആണിത്. കഴിഞ്ഞ ദിവസം പ്രത്യേകാന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പടുത്തിയിരുന്നു. ലൈംഗിക അതിക്രമ കേസ് വന്നതോടെ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
യുവ നടിയുടെ പരാതി; ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്
നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്ക് എതിരെയും തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ലൈംഗികാതിക്രമത്തിന് കേസ് എടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന പരാതിയിലാണ് കേസ്.
യുവനടിയുടെ പരാതി; സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തു
യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെയും ബലാത്സംഗക്കുറ്റത്തിന് കേസുണ്ട്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് എടുത്തത്. ബംഗാളി നടിയുടെ പരാതിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. എറണാകുളം നോർത്ത് പൊലീസാണ് കേസ് എടുത്തത്.
സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനവും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു.
പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി; മുന്‍കൂര്‍ജാമ്യം വേണം; വികെ പ്രകാശ് ഹൈക്കോടതിയില്‍
സംവിധായകൻ വി.കെ.പ്രകാശിനെതിരെ ലൈംഗിക ആരോപണവുമായി എത്തിയത് കഥാകൃത്തായ യുവതിയാണ്. വി.കെ.പ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here