മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷ എതിര്‍ത്തില്ലെങ്കില്‍ വന്‍ വിവാദമാകും; ഉറ്റുനോക്കി പോലീസ് നീക്കം

നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പോലീസ് എതിര്‍ക്കാതിരുന്നാല്‍ അത് വന്‍ വിവാദമാകും. ജാമ്യാപേക്ഷ എതിര്‍ക്കണമെങ്കില്‍ സത്യവാങ്മൂലം നല്‍കേണ്ടി വരും. മുകേഷ് എംഎല്‍എയാണ്. പ്രതിക്ക് എതിരെ ഉയർന്നിരിക്കുന്നത് ബലാത്സംഗക്കുറ്റമാണ്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയും ഏറെയാണ്‌. അതിനാല്‍ പോലീസിന്റെ നിലപാട് എന്താണ് എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

കേസിലെ മറ്റൊരു പ്രതിയായ അഡ്വ. ചന്ദ്രശേഖരന്‍റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കുന്നുണ്ട്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.

പരാതിയില്‍ ബലാത്സംഗത്തിനാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പോലീസ് കേസ് എടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 376(1), 452, 509 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ തടവ്‌ കിട്ടാവുന്ന കേസ് ആണിത്. കേസുമായി ബന്ധപ്പെട്ട് മുകേഷിന്റെ കൊച്ചി മരടിലെ വീട്ടില്‍ ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിയെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴുപേര്‍ക്ക് എതിരെയാണ് നടി പരാതി നല്‍കിയത്. മുകേഷിനെതിരായ നടിയുടെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിരുന്നു.

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നുണ്ട്. മുകേഷ് രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ രാജി ആവശ്യം സിപിഐ ശക്തമാക്കിയിട്ടുണ്ട്. ഈ എതിര്‍പ്പ് തള്ളിയാണ് സിപിഎം നിലപാട് എടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top