വിചാരണാ കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് ആക്രമിക്കപ്പെട്ട നടി; ‘പ്രസ് ചെയ്യുന്നില്ല’ എന്ന് ഹൈക്കോടതിയിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് നടി ഹൈക്കോടതിയിൽ. മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന കേസിൻ്റെ നടപടികൾക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. വാദംകേട്ട് മാറ്റിവച്ച കേസിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് അറിയിച്ച് ജസ്റ്റിസ് കെ ബാബു ഇന്നത്തേക്ക് വയ്ക്കുകയായിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകന് ഇന്ന് അസൌകര്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി. അതിനിടെയാണ് ജഡ്ജിക്കെതിരെ മുൻപ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞത്.ഇതിന് മറുപടിയായാണ് ഇല്ലെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഡ്വ ടി.ബി. മിനി അറിയിച്ചത്. പ്രസ് ചെയ്യുന്നില്ല എന്നായിരുന്നു മറുപടി. ഇത് കോടതി രേഖപ്പെടുത്തുകയും ചെയ്തു.
വിചാരണാക്കോടതി ജഡ്ജിക്കെതിരെ ഗുരുതുര ആരോപണം ഉന്നയിച്ച് അതിജീവിത നേരത്തെ സുപ്രീം കോടതി വരെ പോയിരുന്നു. കോടതി മാറ്റണമെന്ന ആവശ്യം പക്ഷെ, ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനെ തുടർന്ന് ജഡ്ജി ഹണി വർഗീസിന് മുന്നിൽ തന്നെ വിചാരണ തുടരുകയായിരുന്നു. എന്നാൽ മുൻപ് സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്ന് വിചാരണാക്കോടതി മാറിയെന്നും പരാതിക്കാരിക്ക് നീതിപൂർവമായ പരിഗണന കിട്ടുന്നുണ്ടെന്നും അതിനാലാണ് ഹൈക്കോടതിയിൽ നിലപാട് മാറ്റിയതെന്നും അഡ്വ ടി.ബി. മിനി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. അതേസമയം മെമ്മറി കാർഡ് ചോർന്നതിലും വിചാരണക്കോടതിയെയാണ് ഇതുവരെ നടി പ്രതിക്കൂട്ടിൽ നിർത്തിയിരുന്നത്. അതുകൊണ്ട് തന്നെ പരാതിയില്ല എന്ന് ഹൈക്കോടതിയിൽ ഇന്ന് പറഞ്ഞത് ഇക്കാര്യങ്ങൾക്കെല്ലാം ഒരുപോലെ ബാധകമായേക്കും.
മെമ്മറി കാർഡ് അന്യായമായി തുറന്നുകണ്ടുവെന്ന കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉടനടി തീർപ്പ് ഉണ്ടാക്കുമെന്നും ജസ്റ്റിസ് കെ ബാബു കോടതിയിൽ പറഞ്ഞു. ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ മാത്രമാണ് ഇനി ഉദ്ദേശിക്കുന്നത്. ഡൽഹിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകൻ്റെ സൌകര്യപ്രകാരം ഏത് സമയത്തും കേസ് കേൾക്കാൻ താൻ തയ്യാറാണ്. വൈകിട്ട് നാലരക്ക് ശേഷമായാലും കുഴപ്പമില്ലെന്നും ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത അഭിഭാഷകനെ കോടതി അറിയിച്ചു. തുടർന്നാണ് വ്യാഴാഴ്ചത്തേക്ക് കേസ് വച്ചത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ രണ്ട് ദിവസങ്ങളിൽ രാത്രിയിൽ തുറന്നുപരിശോധിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here