ഹണി റോസിനെ അപമാനിച്ചവർക്ക് എതിരെ ലൈംഗികാതിക്രമത്തിൻ്റെ പരിധിയിൽ വരുന്ന വകുപ്പ്; കമൻ്റിട്ടവരുടെ പണി പാളും
സോഷ്യൽ മീഡിയയിലൂടെ നടി ഹണി റോസിനെതിരെ സൈബർ ആക്രമണം നടത്തി അപമാനിച്ചവർക്കെതിരെ കേസ്. താരത്തിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്‍റിട്ടവർക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിന് എതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നുകാണിച്ച് കഴിഞ്ഞ ദിവസം ഹണി ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്. 27 പേർക്കെതിരെയാണ് എറണാകുളം പോലീസ് കേസെടുത്തത്. ഫെയ്സ്ബുക്ക് കുറിപ്പിന് അശ്ലീല കമന്‍റിട്ടവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സ്ത്രീവിരുദ്ധവും അപകീർത്തികരവുമായ മറുപടി നൽകിയ ഇവർക്കെതിരെ ഇന്നലെ വൈകീട്ടാണ് നടി പരാതി നൽകിയത്.
Also Read: പരാതി നൽകി ഹണി റോസ്; മുപ്പതോളം പേർക്കെതിരെ കേസെടുക്കാൻ എറണാകുളം സെൻട്രൽ പോലീസ്
ഒരു വ്യക്തി ദ്വയാർഥപ്രയോഗങ്ങളിലൂടെ പല വേദികളിലും തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. താൻ പ്രതികരിക്കാത്തത് അത്തരം കമൻ്റുകൾ ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. ഈ വ്യക്തി പിന്നീടും ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്ന നിലയിലാണ് തന്നെ അവഹേളിക്കുന്നതെന്നും ഹണി തുറന്നടിച്ചിരുന്നു.
Also Read: പൊട്ടിത്തെറിച്ച് ഹണി റോസ്!! ‘പല തവണ അയാൾ എന്നെ അപമാനിച്ചു’
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നായിരുന്നു നടിയുടെ ആരോപണം. ഇനി ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഹണി നൽകിയിരുന്നു. എന്നാൽ തന്നെ അപമാനിച്ച വ്യക്തി ആരാണെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here