കവിയൂര്‍ പൊന്നമ്മക്ക് കേരളം ഇന്ന് വിട നല്‍കും; കൊച്ചിയില്‍ പൊതുദര്‍ശനം; സംസ്കാരം ആലുവയിലെ വീട്ടുവളപ്പില്‍
മലയാളത്തിന്റെ പ്രിയനടി കവിയൂര്‍ പൊന്നമ്മക്ക് ഇന്ന് കേരളം വിട നല്‍കും. രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് പൊതുദർശനം. അതിനുശേഷം ആലുവയിലെ വീട്ടുവളപ്പില്‍ സംസ്കാരം. എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.
മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ കവിയൂര്‍ പൊന്നമ്മക്ക് ആദരമർപ്പിക്കും. നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൊന്നമ്മക്ക് ലഭിച്ചിരുന്നു. അമ്മ വേഷങ്ങളില്‍ തിളങ്ങിയതോടെ മലയാള സിനിമയുടെ സ്വന്തം അമ്മയായി. കവിയൂര്‍ പൊന്നമ്മ-മോഹന്‍ലാല്‍ അഭിനയിച്ച മിക്ക സിനിമകളും ഹിറ്റായിരുന്നു. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ആയിരത്തോളം സിനിമകളില്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.
1962ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. ക്രോസ് ബെൽറ്റ്, വെളുത്ത കത്രീന, ഓപ്പോൾ, അസുരവിത്ത്, തീർഥയാത്ര, നിർമാല്യം, കൊടിയേറ്റം , അവളുടെ രാവുകൾ,നെല്ല്, കരകാണാക്കടൽ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ,കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ചെങ്കോൽ, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.നിര്‍മാതാവായ മണിസ്വാമി 2011ല്‍ അന്തരിച്ചു. ബിന്ദുവാണ് മകള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here