ഗഗന്‍യാന് നേതൃത്വം നല്‍കുന്ന മലയാളി ലെനയുടെ ഭര്‍ത്താവ്; വിവാഹം പരസ്യമാക്കാന്‍ ഈ ദിനത്തിനാണ് കാത്തിരുന്നതെന്ന് താരം

ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യസംഘത്തെ നയിക്കുന്ന മലയാളി ആരാണെന്ന ആകാംക്ഷയിലായിരുന്നു കേരളം. നാലംഗ ദൗത്യസംഘത്തെ നയിക്കുന്നത് പാലക്കാട് നെന്മാറ സ്വദേശിയായ ഗ്രൂപ്പ്‌ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണെന്ന വാര്‍ത്ത മലയാളികള്‍ക്ക് അഭിമാന നിമിഷമായി. ഇതിനു പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് നടി ലെനയും രംഗത്തെത്തി. താന്‍ ജനുവരിയില്‍ വിവാഹിതയായെന്നും കല്യാണം കഴിച്ചത് ദൗത്യസംഘ തലവന്‍ പ്രശാന്ത് ബാലകൃഷ്ണൻ നായരെ ആണെന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

ജനുവരി 17ന് ഇരുവരും പരമ്പരാഗത ചടങ്ങിലൂടെ വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന പറഞ്ഞു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ സഞ്ചാരികള്‍ക്ക് ബാഡ്ജുകള്‍ നല്‍കിയത്.

ഇത് ലെനയുടെ രണ്ടാം വിവാഹമാണ്. 2004 ജനുവരി 16നാണ് ലെന മലയാള സിനിമയിലെ സ്ക്രീന്‍ റൈറ്റര്‍ അഭിലാഷ് കുമാറിനെ വിവാഹം ചെയ്തത്. 2013ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വ്യോമസേനയിൽ സുഖോയ് യുദ്ധവിമാനം പറത്തുന്ന ഗ്രൂപ്പ് ക്യാപ്റ്റനാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പിൽ ബാലകൃഷ്ണന്റെയും മകനായ പ്രശാന്ത് നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999ലാണ് വ്യോമസേനയിൽ ചേർന്നത്.

ഗഗൻയാൻ ദൗത്യത്തിനായി നൂറു കണക്കിനുപേരെ പ്രാഥമിക ആരോഗ്യ-ശാരീരിക പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കർശന പരിശോധനകളിൽ മിക്കവരും പരാജയപ്പെട്ടു. തുടർന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിൽനിന്നാണ് പ്രശാന്ത് ഉൾപ്പെടെ നാല് വ്യോമസേനാ പൈലറ്റുമാരെ അന്തിമമായി തിരഞ്ഞെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top