ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് കോടതി തീരുമാനം കൂടി അറിഞ്ഞാവും; സര്‍ക്കാര്‍ നിലപാട് ഇന്നറിയാം

നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതോടെ അനിശ്ചിതത്വത്തിലായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം. രഞ്ജിനിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ കോടതി തീരുമാനം കൂടി അറിഞ്ഞാവും റിപ്പോര്‍ട്ട് പുറത്തുവിടുക. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപു മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന ആവശ്യമാണ് നടി ഉന്നയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവര്‍ക്ക് കോപ്പി ഇന്ന് നല്‍കാം എന്നായിരുന്നു അറിയിച്ചത്. വിഷയം വീണ്ടും കോടതിലെത്തിയ സാഹചര്യത്തിൽ സാംസ്കാരിക വകുപ്പ് പുനരാലോചന നടത്തിയേക്കും.

കോടതി നിര്‍ദേശം അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19 വരെ സമയമുണ്ട്. നടിമാര്‍ സ്വകാര്യമായി നല്‍കിയ മൊഴി ഒഴിവാക്കി മറ്റുള്ള ഭാഗങ്ങള്‍ പുറത്തുവിടാനാണ് സര്‍ക്കാര്‍ തീരുമാനം. നിർമാതാവ് സജിമോൻ പാറയില്‍ കോടതിയെ സമീപിച്ചതോടെയാണ് ഈ കാര്യത്തില്‍ അനിശ്ചിതത്വം വന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് കോടതിയില്‍ എത്തിയത്. എന്നാല്‍ കോടതി ഹര്‍ജി തള്ളി.

2017 ജൂലായ് ഒന്നിനാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി, എന്നിവരടങ്ങിയതാണ് കമ്മിറ്റി. രണ്ടരവർഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ച് റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷെ സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍ എത്തിയതോടെ വീണ്ടും കോടതി ഉത്തരവിനായി കാത്തു. കോടതി ഹര്‍ജി തള്ളിയതോടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരും ഒരുങ്ങി. ഇതിനിടെയാണ് നടി രഞ്ജിനി ഹൈക്കോടതിയിലെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top