വാര്‍ത്താഏജന്‍സിയും അദാനി വാങ്ങി; IANSന്റെ 50.5 ശതമാനം ഓഹരിയും സ്വന്തമാക്കി കോര്‍പ്പറേറ്റ് ഭീമന്‍

മുബൈ : തുറമുഖങ്ങളും വിമാനത്താവളങ്ങളുമടക്കം ഒട്ടുമിക്ക മേഖലകളിലും നിക്ഷേപമുള്ള കോര്‍പ്പറേറ്റ് ഭീമന്‍ അദാനി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷമാണ് മാധ്യമ മേഖലയിലേക്ക് കടന്നത്. എന്‍ഡിടിവിയുടെ 65 ശതമാനം ഓഹരികൾ ഏറ്റെടുത്ത് വരവറിയിക്കുകയും ചെയ്തു. പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ ഭൂരിഭാഗം ഷെയറുകളും സ്വന്തമാക്കിക്കൊണ്ടാണ് പുതിയ നീക്കം. വാര്‍ത്താ ഏജന്‍സിയായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വ്വീസിന്റെ (ഐഎഎന്‍എസ്) 50.5 ശതമാനം ഓഹരികളാണ് അദാനി വാങ്ങിയത്
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് എന്ന കമ്പനിയാണ് വാര്‍ത്താ ഏജന്‍സിയുടെ ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയുടെ വോട്ടവകാശമുള്ളതും ഇല്ലാത്തുമായ ഇക്വിറ്റി ഷെയറുകളാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഏറ്റെടുക്കലിന്റെ കാര്യം കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഡിസംബര്‍ 15ന് ചേര്‍ന്ന ഐഎഎന്‍എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഓഹരി കൈമാറ്റത്തിന് അംഗീകാരം നല്‍കിയത്. ഐഎഎന്‍എസിന്റെ ഓഹരിയുടമയായ സന്ദീപ് ബാംസായിയുമായാണ് അദാനി ഗ്രൂപ്പ് കരാറില്‍ ഒപ്പുവച്ചത്. ഓഹരി കൈമാറ്റത്തിന്റെ തുക സംബന്ധിച്ച വിവരങ്ങള്‍ ഇരു ഗ്രൂപ്പും പുറത്തു വിട്ടിട്ടില്ല.
ഐഎഎന്‍എസിന് 20 ലക്ഷം രൂപയുടെ അംഗീകൃത ഓഹരി മൂല്യമാണുള്ളത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 11.86 കോടി രൂപയായിരുന്നു.
13 തുറമുഖങ്ങളും എട്ട് വിമാനത്താവളങ്ങളും ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് അദാനി ഗ്രൂപ്പ്. കല്‍ക്കരി ഉല്‍പാദനം, ഊര്‍ജ്ജ വിതരണം, ഡാറ്റാ സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here