വിഴിഞ്ഞം ടിപ്പര്‍ അപകടത്തില്‍ ഒരു കോടി ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്; കഴിഞ്ഞ വര്‍ഷം അപകടത്തില്‍ കാല്‍ നഷ്ടമായ സന്ധ്യാറാണിക്കും നഷ്ടപരിഹാരം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണു കൊല്ലപ്പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തുവിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ച് അദാനി ഗ്രൂപ്പ്. സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടത് പോലെ ഒരു കോടി നല്‍കാനാണ് തീരുമാനം. അനന്തുവിന്‍റെ കുടുംബത്തെ നേരില്‍ കണ്ടാണ് ധനസഹായം നല്‍കാമെന്ന് അറിയിച്ചത്. അതേസമയം ധനസഹായം സ്വീകരിക്കുമോ എന്ന കാര്യത്തില്‍ കുടുംബം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ സ്കൂട്ടറിലിടിച്ച് കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം സ്വദേശിയും അധ്യാപികയുമായ സന്ധ്യറാണിക്ക് ഒരു കാല്‍ നഷ്ടമായിരുന്നു. ഇവര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുക വ്യക്തമാക്കിയിട്ടില്ല.
അനന്തുവിന്‍റെ മരണത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തെങ്കിലും ഫലമുണ്ടായിരുന്നില്ല. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആര് നഷ്ടപരിഹാരം നൽകുമെന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല. വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
വിഴിഞ്ഞം തുറമുഖ നിർമാണസ്ഥലത്തേക്ക് കരിങ്കല്ല് കയറ്റിപോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ലോറിയിൽ നിന്ന് തെറിച്ചുവീണ കല്ലാണ് സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് പതിച്ചത്. തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി മറിഞ്ഞുവീണ അനന്തുവിന് ഗുരുതരമായ പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടിപ്പര്‍ റോഡിലെ കുഴിയില്‍ വീണപ്പോഴാണ് കല്ല് പുറത്തേക്ക് തെറിച്ചത്.
ഇരുപത്തിയഞ്ചോളം തവണ പോലീസ് പിടികൂടി പെറ്റിക്കേസെടുത്ത് പിഴ ഈടാക്കിയിട്ടുള്ള ടിപ്പര്‍ ലോറിയാണ് അപകടം ഉണ്ടാക്കിയത്. അമിതഭാരത്തില്‍ ലോഡ് കയറ്റിക്കൊണ്ടുപോയതിന് കഴിഞ്ഞ മാസം പിഴയടച്ചിരുന്നു. കൂടുതല്‍ ലോഡ് എത്തിച്ച് വൻ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് കനത്ത പിഴ പോലും പ്രശ്നമാക്കാതെയുള്ള മരണപ്പാച്ചില്‍. ലോറിയുടെ അമിതവേഗതയും റോഡിൻ്റെ മോശം സ്ഥിതിയുമാണ് അപകട കാരണമെന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തല്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here