കത്തോലിക്കാ സഭയുടെ കോൺവെൻ്റ് സ്കൂൾ അദാനി ഏറ്റെടുത്തു; വാണിജ്യ നിലപാടുകളോട് യോജിപ്പില്ലെന്ന് അറിയിച്ച് സന്യാസിനി സമൂഹം പിന്മാറി

കോർപ്പറേറ്റ് സ്ഥാപനങ്ങളേയും വൻകിട കമ്പനികളേയും വിലയ്ക്കു വാങ്ങുകയും ഏറ്റെടുക്കുകയും ചെയ്യുന്ന അദാനി ഗ്രൂപ്പ് ഇതാദ്യമായി കത്തോലിക്കാ സഭയുടെ അരനൂറ്റാണ്ട് പഴക്കമുള്ള കോൺവെൻ്റ് സ്കൂൾ ഏറ്റെടുത്തു. മഹാരാഷ്ട്ര ചന്ദ്രപൂരിലെ സിമൻ്റ് നഗർ മൗണ്ട് കാർമ്മൽ കോൺവെൻ്റ് സീനിയർ സെക്കണ്ടറി സ്കൂൾ ഇനിമുതൽ അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് സിമൻ്റ് കമ്പനിയുടെ (എസിസി) കീഴില്‍ പ്രവർത്തിക്കും. മദർ ഓഫ് കാർമ്മലീത്ത (സിഎംസി) കന്യാസ്ത്രീ മഠത്തിൻ്റെ കീഴിലുള്ളതായിരുന്നു സ്കൂൾ.

1972 മുതൽ എസിസിയുടെ കോർപ്പറേറ്റ് ഫണ്ടിംഗിലായിരുന്നു കോൺവെൻ്റ് സ്കൂൾ പ്രവര്‍ത്തിച്ചിരുന്നത്. കമ്പനിയുടെ സാമൂഹ്യ സുരക്ഷാ ഫണ്ടിൽ (സിഎസ്ആർ ) നിന്നാണ് തുക ചിലവഴിച്ചിരുന്നത്. 2022ൽ അദാനി ഗ്രൂപ്പ് എസിസി സിമൻ്റിനെ ഏറ്റെടുത്തതോടെയാണ് സ്കൂൾ നടത്തിപ്പിൽ അദാനി കമ്പനിയുടെ ഇടപെടൽ ഉണ്ടായത്. ഇതോടെയാണ് സന്യാസസമൂഹം പിന്മാറാൻ തീരുമാനിച്ചത്.

വാണിജ്യ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന അദാനി ഗ്രൂപ്പിൻ്റെ കീഴിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചതായി കാർമ്മലീത്ത സന്യാസിനി സമൂഹം മേധാവികൾ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒന്നാം തീയതി മുതൽ സ്കൂളിൻ്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കൈമാറിയതായി മുൻ പ്രിൻസിപ്പൽ സിസ്റ്റർ ലീന യുണൈറ്റഡ് കാത്തലിക് ഏഷ്യൻ ന്യൂസിനോട് (യുസിഎ ന്യൂസ്) പറഞ്ഞു.

ഞങ്ങളുടെ നിലപാടുകളും കമ്പനികളുടെ നിലപാടുകളും തമ്മിൽ ഒരിക്കലും പൊരുത്തപ്പെട്ട് പോവില്ല. സ്കൂളിൻ്റെ പേരിൽ നിന്ന് മൗണ്ട് കാർമ്മൽ എന്ന പേര് മാറ്റാനും ആവശ്യപ്പെട്ടതായി സിസ്റ്റർ ലീന പറഞ്ഞു. സ്കൂൾ നടത്തിപ്പിൽ അദാനി ഗ്രൂപ്പിൻ്റെ അനാവശ്യമായ ഇടപെടലുകൾ വന്നതോടെയാണ് സിഎംസി പിൻമാറാൻ തീരുമാനിച്ചതെന്ന് സിസ്റ്റർ ലീന പറഞ്ഞു.

സ്കൂളിൻ്റെ നടത്തിപ്പ് അദാനി ഫൗണ്ടേഷൻ ഔദ്യോഗികമായി ഏറ്റെടുത്തതായി സെപ്റ്റംബർ 30ന് കമ്പനി മാനേജ്മെൻ്റ് അറിയിച്ചു. സിഎംസി സന്യാസിനി സമൂഹത്തിൻ്റെ നിലപാടുകളെ മാനിക്കുന്നുവെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

1972ൽ എസിസി കമ്പിനിയുടെ സ്വിറ്റ്സർലണ്ടിലെ ഉടമസ്ഥരായ ഹോൽസിം ഗ്രൂപ്പിൻ്റെ ആവശ്യപ്രകാരമാണ് സിഎംസി സന്യാസിനി സമൂഹം മൗണ്ട് കാർമ്മൽ കോൺവെൻ്റ് സ്കൂൾ ചന്ദ്രപൂരിൽ ആരംഭിച്ചത്. ജീവനക്കാരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ലക്ഷ്യം. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top