അദാനിയുടെ ചൈനീസ് ബന്ധം രാജ്യത്തിന് ഭീഷണി; ‘മോദാനി നിക്ഷേപം’ എന്ന് പരിഹസിച്ച് കോൺഗ്രസ്

അദാനിയുടെ ചൈനീസ് നിക്ഷേപം രാജ്യത്തിന്റെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും അപകടത്തിൽപ്പെടുത്തുമെന്ന ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പ്രത്യേക സൗഹൃദങ്ങൾ’ കാരണം രാജ്യത്തിന് ഇവ രണ്ടും നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സപ്ലൈ ചെയിൻ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്മെന്‍റ് സേവനങ്ങളും നൽകുന്ന ബിസിനസ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയിൽ അനുബന്ധ കമ്പനി ആരംഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം.
അദാനിക്ക് ചൈനയില്‍ വ്യാപാരമുറപ്പിക്കാൻ പ്രധാനമന്ത്രി പദത്തിന് തന്നെ മോദി നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയിൽ അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത് ‘മോദാനി’ നിക്ഷേപമാണെന്നും ജയറാം രമേശ് പരിഹസിച്ചു. ചൈനക്ക് 2020 ജൂൺ 19ന് അനാവശ്യമായി പ്രധാനമന്ത്രി വക ഒരു ക്ലീൻ ചിറ്റ് നൽകി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഏറ്റവും ഗുരുതരമായ പ്രസ്താവനകളില്‍ ഒന്നായിരുന്നു മോദിയുടേത്. അത് തൻ്റെ പദവിയുടെ പവിത്രത ഇല്ലാതാക്കിയ വലിയ നുണയായിരുന്നു. ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം നിഷേധിക്കാനും അത് നിർബാധം തുടർന്ന് നടത്താനും ചൈനക്ക് അവസരമൊരുക്കിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
അദാനി ചൈനയിൽ നേരിട്ട് നിക്ഷേപം നടത്തുന്നത് സർക്കാർ കണ്ടില്ലെന്നു നടിച്ചു. അടുത്ത കുറേ വർഷങ്ങളായി അദാനിയുടെ വിദേശ നിക്ഷേപം പലപ്പോഴും ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധവും രാജ്യത്തിൻ്റെ മോശം അവസ്ഥക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചിരിക്കുന്നു. എന്നാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചു. രാജ്യത്തിൻ്റെ ആഭ്യന്തര മേഖലയിൽ അത് നാശം വിതക്കുകയും ചെയ്യുന്നു. ആ സമയത്തും ചൈനയുടെ വിതരണ ശൃംഖലയിലേക്ക് ഇന്ത്യ സ്വയം ചെന്നു നിൽക്കുന്നത് അനിവാര്യമാണ് എന്ന കാപട്യം ഉയർത്തുകയും ചെയ്യുന്നു. ശ്രീലങ്ക, കെനിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ അദാനിയുടെ വ്യവസായ താൽപര്യങ്ങൾ എല്ലാം ഇന്ത്യയെ ഗുരുതരമായി ബാധിച്ചുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here