വിജയൻ്റെ വിജിലൻസ് കൊണ്ട് നിൽക്കുമോ; സിപിഐ പറയുംപോലെ സർക്കാരിൻ്റെ പോക്കിത് എങ്ങോട്ട്…

എഡിജിപി എം.ആർ.അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് നൽകിയ ഡിജിപിയുടെ ശുപാര്ശയിൽ സർക്കാർ നടപടിയെടുക്കാത്തതിൽ സിപിഐ ഇന്നും വിമർശനം ഉന്നയിച്ചു. പോലീസ് മേധാവിയുടെ ശുപാർശയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് വ്യാപകമായ വിമർശനം സർക്കാരിനെതിരെ മുന്നണി യോഗത്തിലും ഉയർന്നിരുന്നു. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമ്പോഴാണ് പുതിയ തീരുമാനം.

ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ വിവിധ ആരോപണങ്ങളിൽ എം.ആർ.അജിത് കുമാറിനെതിരെ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിർമാണവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സസ്പെൻഷനിൽ തുടരുന്ന പത്തനംതിട്ട മുൻ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. പുതിയ അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും എന്നാണ് പുതിയ നിലപാട്.

രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല എന്നായിരുന്നു സിപിഐയുടെ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പ്രകാശ് ബാബു ചുണ്ടിക്കാട്ടിയത്. എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അന്വേഷണം നടത്തിയല്ല നടപടി സ്വീകരിക്കേണ്ടത് എന്നും പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്ക് മാത്രമല്ല സർക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ നയസമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുത് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സിപിഐ മുഖപത്രത്തിലെ ലേഖനവും കഴിഞ്ഞ ദിവസം സർക്കാരിനെ കുറ്റപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top