ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കത്ത് നല്‍കിയിട്ടുണ്ട്; ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ച് എഡിജിപി അജിത്കുമാര്‍

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ അന്വേഷിക്കട്ടെയെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍. അതിനായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയതായും വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ട എഡിജിപി ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. പോലീസ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമായാണ് ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ചത്.
അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ചുമതലയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടുമോയെന്ന ചോദ്യത്തിനൊന്നും അജിത്ത് കുമാര്‍ മറുപടി പറഞ്ഞില്ല. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ അജിത്കുമാറിനെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേയും അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here