മുഖ്യമന്ത്രിക്ക് വേണ്ടത് കനത്ത സുരക്ഷ; സഞ്ചരിക്കുന്ന ഓഫീസ് അനിവാര്യം, സമയത്തിനാണ് വില; നവകേരള യാത്രയിലുടനീളം സുരക്ഷ ഒരുക്കിയ ADGP അജിത് കുമാർ മാധ്യമ സിൻഡിക്കറ്റിനോട്
നവകേരള യാത്ര അടിമുടി വിവാദത്തിലായിരുന്നു. ഒരുകോടി ചിലവിട്ട് മന്ത്രിസംഘത്തിനായി ഒരുക്കിയ ബസാണ് ആദ്യം മുതൽ ചർച്ചകളുടെ കേന്ദ്രബിന്ദു. എന്നാൽ ഈ ബസും അനുബന്ധ സംവിധാനങ്ങളും സുരക്ഷക്ക് അങ്ങേയറ്റം അനിവാര്യമായിരുന്നു എന്നാണ് യാത്ര സമാപിച്ച ശേഷം പോലീസ് ഉന്നത നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഇത്രയധികം വിഐപികൾ ഒരേ സ്ഥലത്തേക്ക് ഒരേസമയം യാത്ര ചെയ്യുമ്പോൾ ഓരോരുത്തർക്കും പ്രത്യേകം സുരക്ഷയൊരുക്കുന്നത് അപ്രായോഗികമായിരുന്നു എന്ന് പറയുന്നു ക്രമസമാധാന ചുമതലയുള്ള പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ എം ആർ അജിത് കുമാർ. ഈയർത്ഥത്തിൽ ബസ് ഒരു മികച്ച മാതൃകയാണ്. മാത്രമല്ല, സമാന മാതൃകയിൽ സഞ്ചരിക്കുന്ന ഓഫീസ് ആണ് ഇനിയങ്ങോട്ട് കേരള മുഖ്യമന്ത്രിക്ക് വേണ്ടതെന്ന് ഉറപ്പിച്ച് പറയുന്നു അജിത് കുമാർ. യാത്രയെക്കുറിച്ചും, കേരള പോലീസ് അതിനൊരുക്കിയ വൻ സന്നാഹങ്ങളെക്കുറിച്ചും, അതിലുപരി മുഖ്യമന്ത്രിക്ക് നൽകുന്ന വൻസുരക്ഷയുടെ കാര്യകാരണങ്ങളെക്കുറിച്ചും ഇതുവരെ പറയാത്ത വിവരങ്ങൾ തുറന്നുപറയുകയാണ് എഡിജിപി. മാധ്യമ സിൻഡിക്കറ്റ് എഡിറ്റർ -ഇൻ-ചീഫ് അനിൽ ഇമ്മാനുവൽ ആണ് അദ്ദേഹവുമായി സംസാരിച്ചത്.
നിങ്ങൾ മാധ്യമങ്ങളാണ് എല്ലാം കോംപ്ലിക്കേറ്റഡ് ആക്കുന്നത്. പറയേണ്ടത് പോലെ പറഞ്ഞാൽ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും, അജിത് കുമാർ പറഞ്ഞു തുടങ്ങി.
ശരി. എങ്കിൽ നോക്കാം, വ്യാഖ്യാനങ്ങളോ വിശകലനമോ എഡിറ്റിങ്ങോ ഇല്ലാതെ, പറയുന്നത് അതുപടി റിപ്പോർട്ട് ചെയ്യാം ഇവിടെ.
മുഖ്യമന്ത്രിയല്ല ആരായാലും എല്ലാ ദിവസവും ഒരിടത്ത് ഇരുന്ന് ജോലി ചെയ്യുന്ന കാലം കഴിഞ്ഞു. കോവിഡ് കാലത്ത് വർക് ഫ്രം ഹോം നമ്മളെല്ലാം ശീലിച്ചത് അല്ലേ. ആ കാലത്തും അതിന് ശേഷവുമായി സർക്കാരിലെ ഫയലുകളെല്ലാം ഇ-ഫയൽ ആയി. എവിടെയിരുന്നും നോക്കാം. അപ്പോൾ പിന്നെ മുഖ്യമന്ത്രി പോലെ തിരക്കുള്ള ആൾ തലസ്ഥാനത്തെ സെക്രട്ടേറിയറ്റിൽ മാത്രം ഇരുന്ന് ജോലി ചെയ്യണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ്? അദ്ദേഹത്തിന് യാത്ര ചെയ്യാനുള്ള സ്ഥലത്തെല്ലാം യാത്ര ചെയ്യണം. അതിനിടയിൽ ഓഫീസ് ഫയലുകൾ നോക്കണം. അതിന് പാകത്തിലുള്ള ഒരു സഞ്ചരിക്കുന്ന ഓഫീസ് ആണ് വേണ്ടത്. അത്യാവശ്യം രണ്ടോ മൂന്നോ സ്റ്റാഫിന് കൂടി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാൻ കഴിയുന്ന, വീഡിയോ കോൺഫ്രൻസിങ് സൗകര്യം അടക്കമുള്ള കാരവൻ ആണ് ആവശ്യം. നമ്മുടെ നാട്ടിൽ സിനിമാ താരങ്ങൾ മാത്രമാണ് അത് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് ആർഭാടത്തിന് വേണ്ടിയാണ് എന്നൊരു തെറ്റിദ്ധാരണ ജനത്തിനുണ്ടാകും. അല്ലെങ്കിൽ ഉണ്ടാക്കാൻ നിങ്ങളിൽ ചിലർ ശ്രമിക്കും. യഥാർത്ഥത്തിൽ അങ്ങനെയല്ല ഇക്കാര്യത്തെ കാണേണ്ടത്. ബെൻസിൻ്റെയും മറ്റും ചെറിയ കാരവാനുകളുണ്ട്. താരങ്ങളുടേത് പോലുള്ള ആർഭാടമല്ല, യൂട്ടിലിറ്റി ആണ് ആദ്യം പരിഗണിക്കേണ്ടത്. ഞാൻ ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ ടൂറിസം വകുപ്പിന് വേണ്ടി ഇറക്കിയ കാരവാനുണ്ട്, അതിൽ ഒട്ടും ആർഭാടമില്ല, ഒരു ചെറിയ കുടുംബത്തിന് തങ്ങാനുള്ള സൗകര്യം മാത്രമാണുള്ളത്. അത്തരം വാഹനമാണ് ഞാൻ സജസ്റ്റ് ചെയ്യുന്നത്. കാരണം, സമയത്തിന് ആണ് ഇന്ന് ഏറ്റവും വിലയുള്ളത്. അത് ഒട്ടും പാഴാക്കാതെ ഉള്ള ഒരു സംവിധാനത്തെക്കുറിച്ചാണ് ഇനി നാം ആലോചിക്കേണ്ടത്.
ഞാൻ മുമ്പെങ്ങും അത്ര വില കൂടിയ ഫോണുകൾ ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഈയിടെ അത്തരമൊരെണ്ണം വാങ്ങി. ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. മാവോയിസ്റ്റ് ഓപ്പറേഷൻസ് അടക്കം പല കാര്യങ്ങളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥിരമായി യാത്ര ചെയ്യുന്ന എനിക്ക് കാറിലിരുന്നാണ് ഫയലുകൾ അധികവും നോക്കേണ്ടിവരുന്നത്. അതിന് ഏറ്റവും പറ്റിയ ഫോൺ ആണിത്. എൻ്റെ കാര്യം ഇങ്ങനെ എങ്കിൽ അതിനേക്കാൾ എത്രയോ മടങ്ങ് അധികം അത്തരം സൗകര്യങ്ങൾ ആവശ്യമുള്ള ആളാണ് നമ്മുടെ മുഖ്യമന്ത്രി. നമ്മൾ ഓർക്കേണ്ട കാര്യം മുഖ്യമന്ത്രി ഒരാളേയുള്ളൂ. അദ്ദേഹം 24X7 ആ ജോലിചെയ്യുന്ന ആളാണ്. അൽപനേരത്തേക്ക് അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വന്നാൽ ആ റോൾ ചെയ്യാൻ വേറൊരു മുഖ്യമന്ത്രി നമുക്കില്ല. അദ്ദേഹം എടുക്കേണ്ട തീരുമാനം എടുക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ, അതുകൊണ്ട് ഏത് നേരത്തും അതിന് കഴിയുന്ന ഒരു സംവിധാനമാണ് അദ്ദേഹത്തിന് നമ്മൾ നൽകേണ്ടത്.
ഇന്ത്യയിൽ മറ്റേത് മുഖ്യമന്ത്രിക്ക് ഈ പറയുന്നത് പോലെ സഞ്ചരിക്കുന്ന ഓഫീസ് ഉണ്ട്?
അതിന് ഇന്ത്യയിൽ ഏത് മുഖ്യമന്ത്രിയാണ് ആണ് റോഡിൽ സഞ്ചരിക്കുന്നത്. എല്ലാവരും ഹെലികോപ്റ്റർ അല്ലേ ഉപയോഗിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളിൽ പോലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രക്ക് ഹെലികോപ്റ്ററുണ്ട്. പലയിടത്തും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക വിമാനങ്ങൾ പോലും ഉപയോഗിക്കുന്നു. മറ്റ് വിമാനങ്ങളുടെ സമയത്തിന് കാത്തുനിൽക്കാൻ കഴിയില്ല. കാരണം അവരുടെയെല്ലാം സമയത്തിന് വിലയുണ്ട്. ഇവിടെ അത് പറഞ്ഞാൽ ആരു മനസ്സിലാക്കാൻ; എല്ലാവർക്കും വിവാദങ്ങളിൽ ആണ് താൽപര്യം. മുഖ്യമന്ത്രിയുടെ യാത്രക്ക് ഹെലികോപ്റ്റർ വാങ്ങാൻ തീരുമാനിക്കുമ്പോൾ എന്തൊക്കെയായിരുന്നു ആരോപണങ്ങൾ…. ചിലവ് കുറച്ചാകും, അദ്ദേഹം ഈ സ്റ്റേറ്റിൻ്റെ ഭരണത്തലവനാണ്. അദ്ദേഹത്തിൻ്റെ സമയത്തിനും സുരക്ഷക്കും കാശ് ചിലവാക്കേണ്ടിവരും. അത് സ്റ്റേറ്റിൻ്റെ ആവശ്യമായി കണക്കാക്കണം. മുഖ്യമന്ത്രിക്കെന്ന് പറഞ്ഞ് വാടകക്ക് എടുത്ത ഹെലികോപ്റ്റർ ഇപ്പോൾ ഞങ്ങളാണ് ഉപയോഗിക്കുന്നത്. മാവോയിസ്റ്റ് വിരുദ്ധ നടപടികൾക്ക് അത് അത്യാവശ്യമാണ്, ഇപ്പോഴത്തെ ഡിജിപി നാല് തവണ അത് ഉപയോഗിച്ച് കഴിഞ്ഞു. കളമശേരി സ്ഫോടനം ഉണ്ടായപ്പോൾ അദ്ദേഹം അവിടേക്ക് എത്തിയത് അതിലാണ്. ഓർഗൻ ഡൊണേഷൻ ആവശ്യങ്ങൾക്ക് എപ്പോൾ വേണ്ടിവന്നാലും വിട്ടുനൽകുന്നുണ്ട്. എയർ ആംബുലൻസ് ആയി കൂടി ഉപയോഗിക്കാൻ പ്രൊവിഷൻ ഉള്ളതാണ് നമ്മളെടുത്തിട്ടുള്ള ഹെലികോപ്റ്റർ. ഇപ്പോൾ ശബരിമലയിൽ നിരീക്ഷണത്തിനും അത് ഉപയോഗിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ഇത്രയധികം സന്നാഹങ്ങൾ ഒരുക്കേണ്ട ആവശ്യമുണ്ടോ?
ആവശ്യമില്ലെന്ന് പറയുന്നവർ എന്ത് വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അത് പറയുന്നത്? അദ്ദേഹത്തിൻ്റെ സുരക്ഷക്കുള്ള ഭീഷണികൾ ഏതെല്ലാം ഭാഗത്ത് നിന്നാണെന്ന് ഞങ്ങൾക്ക് വിശദീകരിച്ച് പുറത്തുപറയാൻ കഴിയില്ല എന്നൊരു പരിമിതിയുണ്ട്. ഇൻ്റലിജൻസ് റിപ്പോർട്ടുകളും കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകളും പൊതുജന സമക്ഷത്തിൽ വയ്ക്കാൻ പറ്റുമോ? പക്ഷെ ഒരുകാര്യം മാത്രം ഞാൻ ഉറപ്പിച്ച് പറയാം. അദ്ദേഹം അനുവദിച്ചാൽ ഇതിലും വലിയ സുരക്ഷ നൽകണമെന്നാണ് എൻ്റെ പക്ഷം. അദ്ദേഹത്തിന് അത് താൽപര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇത്ര പരിമിതമാക്കി നിർത്തിയിരിക്കുന്നത്. ഇപ്പോൾ നൽകുന്ന സുരക്ഷയുടെ വിശദാംശങ്ങളും നമുക്ക് പബ്ലിക്കായി ചർച്ച ചെയ്യാൻ കഴിയില്ല. നവകേരള യാത്ര തുടങ്ങിയ ശേഷം തിരികെ പോരാനാണ് ഞാൻ കാസർകോട്ടേക്ക് പോയത്. എന്നാൽ പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തിയപ്പോൾ വടക്കൻ ജില്ലകൾ വിടുന്നത് വരെ ഒപ്പം തുടരാൻ തീരുമാനിച്ചു. പ്രധാന കാര്യം മാവോയിസ്റ്റ് ഭീഷണിയാണ്.
അത്ര ഗൌരവമായി അവരുടെ ഭീഷണിയെ കാണേണ്ടതുണ്ടോ?
വടക്കേ ഇന്ത്യയിലേത് പോലെ അത്ര ഗൗരവമായി കാണുന്നില്ല. എന്നാൽ കുറച്ച് കാണുന്നുമില്ല. സെഡ്-പ്ലസ് കാറ്റഗറിയിലുള്ള ഒരു വിഐപിക്ക് സുരക്ഷ ഒരുക്കുമ്പോൾ നേരിയ ഒരു സാധ്യതയെ പോലും തള്ളിക്കളയാതെ പരിഗണിക്കേണ്ടിവരും. ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കാം. ഏറ്റവും കാര്യക്ഷമമായി മാവോയിസ്റ്റ് ഭീഷണിയെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. സമീപകാലത്ത് എത്ര ഏറ്റുമുട്ടലുണ്ടായി, എത്രുപേർ അറസ്റ്റിലായി, എത്ര പേരെ ന്യൂട്രലൈസ് ചെയ്തു (കൊല്ലപ്പെട്ടു) എന്നെല്ലാം കണക്ക് നോക്കണം; ഏറ്റുമുട്ടൽ വ്യാജമാണെന്നൊക്കെ നിങ്ങൾ പറയുമായിരിക്കും. പക്ഷെ അതുണ്ടായി എന്നത് ഒരു ഫാക്ട് ആണല്ലോ. അവരുടെ പക്കൽ ഏറ്റവും പുതിയ ആയുധങ്ങളുണ്ട്, എകെ 47 അടക്കമുണ്ട്. അതെല്ലാം കേരളത്തിന് പുറത്ത് നിന്ന് വരുന്നതാണ്. വടക്കേ ഇന്ത്യയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വരെ ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട് എന്നും ബോധ്യപ്പെട്ടിട്ടുണ്ടല്ലോ. ഇതൊക്കെയായിരിക്കെ, അവിടെ ചെയ്യുന്നത് പോലെയൊന്നും ഇവിടെ അവർ ചെയ്യില്ല എന്ന് നിങ്ങൾ പറയുന്നത് എന്ത് വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ്. ഇപ്പോൾ അവർക്ക് ഇവിടെ അതിനുള്ള സ്ട്രെങ്ത് ഇല്ല എന്ന് മാത്രമല്ലേ നിങ്ങൾക്ക് പറയാൻ കഴിയൂ. അവരുടെ സ്ട്രെങ്തൊക്കെ ഞങ്ങൾ നന്നായി വിലയിരുത്തുന്നുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഓരോ നടപടിയും സ്വീകരിക്കുന്നത്. തൽക്കാലം ഇതിൽ കൂടുതൽ പുറത്തുപറയാൻ കഴിയില്ല.
പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്ന വിധം കോടതിയുടെ പോലും വിമർശനത്തിന് ഇടയാക്കിയതാണ്, അതിലൊക്കെ കുറച്ചുകൂടി മിതത്വം വേണ്ടതല്ലേ പോലീസിന്?
പ്രതിഷേധിക്കുന്നവർ അത് ചെയ്യട്ടെ എന്നു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെയും നിലപാട്. യാത്രക്ക് മുമ്പ് അത് തന്നെയാണ് അദ്ദേഹം ഞങ്ങളോടെല്ലാം പറഞ്ഞത്. പക്ഷെ കാര്യങ്ങൾ കൈവിട്ടുപോയത് എവിടെയാണെന്ന് നിങ്ങൾ ആലോചിക്കണം. പെരുമ്പാവൂരിൽ ബസിന് നേരെ ഷൂ എറിഞ്ഞത് മുതലാണ് പോലീസും കുറച്ച് അഗ്രസീവ് ആയത്. അതുവരെ പ്രതിഷേധക്കാർ മോട്ടോർ കേഡിന് (വാഹനവ്യൂഹം) മുന്നിൽ ചാടാതെ പിടിച്ചുനിർത്തുകയും അത്യാവശ്യമുള്ള സ്ഥലത്ത് അൽപം ബലം പ്രയോഗിക്കുകയുമാണ് പോലീസുകാർ ചെയ്തുകൊണ്ടിരുന്നത്. പീന്നീട് പോലീസ് നടപടി കടുപ്പത്തിലായതിന് കാരണമുണ്ട്. അവിടെ ഉണ്ടായത് പോലെ തടസമില്ലാതെ ആർക്കും ഷൂ എറിയാമെന്ന് വന്നാൽ പിന്നെ ഷൂവിൻ്റെ സ്ഥാനത്ത് കല്ല് ആകാം, അദ്ദേഹത്തെ അപായപ്പെടുത്താൻ ഉദ്ദേശിക്കുന്ന ആരെങ്കിലും പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയാൽ അതിന് പറ്റിയ എന്ത് വസ്തുവുമാകാം എറിയുന്നത്. അതൊട്ടും അനുവദിക്കാൻ പാടില്ലെന്ന് താഴെത്തട്ടിലേക്ക് പറയേണ്ടിവന്നു അതോടെ. അതാണ് പോലീസിൻ്റെ സമീപനം തന്നെ മാറിയത്. ആ ഏറിനെ വെറും പ്രതിഷേധമായി കാണാൻ കഴിയില്ല എന്നതിന് തെളിവാണല്ലോ പിന്നീട് അവരുടെ നേതാക്കൾ തന്നെ അതിനെ തള്ളിപ്പറഞ്ഞത്.
നിങ്ങളൊന്ന് ആലോചിക്കണം, ഇത്രയധികം വിഐപികൾ ഒന്നിച്ച് ഇത്രയധികം ദിവസം തുടർച്ചയായി പുറത്തിറങ്ങി യാത്ര ചെയ്യുമ്പോൾ സുരക്ഷയൊരുക്കുന്നത് ചെറിയ കാര്യമല്ല. അടുത്തെങ്ങും കേരളത്തിൽ ഇത്ര ഹെക്ടിക് ആയൊരു ഉത്തരവാദിത്തം പോലീസിന് വന്നിട്ടില്ല. അതിൻ്റെ സമ്മർദം വളരെ വലുതായിരുന്നു. നമ്മുടെ നാട്ടിൽ ട്രെയിനുകൾക്ക് നേരെ എത്ര കല്ലേറാണ് ഉണ്ടാകുന്നത്. അതുപോലെ ഒരെണ്ണം ഇവിടെ ഉണ്ടായാൽ ഒരു എസ്പിയുടെ ജോലിപോകും. അത്ര സെൻസിറ്റീവാണ് സാഹചര്യം. ജില്ലകളുടെ ചുമതലയുള്ള എസ്പിമാരെ യോഗസ്ഥലങ്ങളുടെ ഉത്തരവാദിത്തം ഏൽപിച്ചപ്പോൾ, റേഞ്ച് ഡിഐജിമാർ നേരിട്ടാണ് മോട്ടോർ കേഡിൻ്റെ ചുമതല നിർവഹിച്ചത്. എൻ്റയർ പോലീസ് മെഷീനറി ഇത്രയധികം നാൾ പൂർണമായി റോഡിലിറങ്ങി നിൽക്കേണ്ട സാഹചര്യം വരുന്നത് വിരളമാണ്. ഞാനിങ്ങനെ ഓടിനടക്കുമ്പോൾ ഡിജിപി ശ്രീ ദർവേഷ് സാഹിബിൻ്റെ കോർഡിനേഷൻ വളരെ എഫക്ടീവായിരുന്നു. അദ്ദേഹം ലീഡർഷിപ്പ് റോളിൽ ഉണ്ടെന്നുള്ളത് നമുക്ക് വളരെ കോൺഫിഡൻസ് നൽകും. എടുത്തുപറയേണ്ടത് ഇൻ്റലിജൻസ് ചീഫ് ശ്രീ മനോജ് എബ്രഹാമിൻ്റെ ടീമിൻ്റെ സപ്പോർട്ട് ആണ്. പ്രത്യക്ഷത്തിൽ ഒരിടത്തും വരുന്നില്ലെങ്കിലും അവർ ഒന്നടങ്കം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയായിരുന്നു ഈ ദിവസങ്ങളില്ലെല്ലാം. അവർ തരുന്ന ഇൻ്റലിജൻസ് ഇൻപുട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഓരോ ചുവടും മുന്നോട്ട് വയ്ക്കേണ്ടത്, പ്രത്യേകിച്ച് പ്രശ്നബാധിത പ്രദേശങ്ങളിൽ. വയനാട് അടക്കം സ്ഥലങ്ങളിലെ രാത്രിയാത്രകൾ വളരെ റിസ്ക് ആയിരുന്നു. ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ പുറത്തിറങ്ങേണ്ട വിധം, മാറിക്കയറേണ്ട വണ്ടികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പോലും മന്ത്രിമാർക്ക് ഓരോരുത്തർക്കും ഞാൻ ബ്രീഫ് ചെയ്തുകൊടുത്തിരുന്നു. എല്ലാം സമാധാനമായി തീർന്നതിൻ്റെ ആശ്വാസമാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്. 2012ൽ കൊച്ചി കമ്മിഷണറായിരിക്കെയാണ് വിവാദമായ കടൽക്കൊലക്കേസ് അന്വേഷിച്ചത്, എട്ടുവർഷമായി മാവോയിസ്റ്റ് വിരുദ്ധ നടപടികൾക്ക് നേരിട്ട് നേതൃത്വം കൊടുക്കുന്നുണ്ട്, അവയ്ക്കൊപ്പം കരിയറിൽ എടുത്തുപറയേണ്ട ഏറ്റവും ചലഞ്ചിങ് ആയൊരു ഉത്തരവാദിത്തമായാണ് നവകേരള യാത്രയെ ഞാനിപ്പോൾ കാണുന്നത്. മുഴുവൻ പോലീസ് ഫോഴ്സിനും അഭിമാനിക്കാവുന്ന ഒരു അസൈൻമെൻ്റ് ആയിരുന്നു ഇതെന്ന് തന്നെ പറയാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here