എഡിജിപി ഹൈന്ദവ തീവ്രവാദ സംഘടനാ നേതാക്കളെ കണ്ടത് കളങ്കം; സർക്കാരിനെതിരെ വീണ്ടും സിപിഐ

സർക്കാർ നിലപാടിനെതിരെ വീണ്ടും സിപിഐ. ആർഎസ്എസ് ഉന്നതരെ സന്ദർശിച്ച എഡിജിപി എംആർ അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈന്ദവ തീവ്രവാദ സംഘടനയായ ആർഎസ്എസ് നേതാക്കളെ ഇടത് സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടു കണ്ടത് വച്ചുപൊറുപ്പിക്കാൻ ആവാത്ത തെറ്റാണെന്നാണ് വിമർശനം.

‘ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവർഗീയതയെ താലോലിക്കുകയും, ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം, ഫെഡറലിസം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണ്’ – എന്ന ശക്തമായ വിമര്‍ശനമാണ് ലേഖനത്തിൽ ഉയര്‍ത്തുന്നത് . ‘ഇടതുപക്ഷ രാഷ്ട്രീയം സംശയങ്ങൾക്കതീതം‘ എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന ലേഖനം രൂക്ഷമായ ഭാഷയിലാണ് സർക്കാരിനെയും മുന്നണിയേയും കുറ്റപ്പെടുത്തുന്നത്.

എഡിജിപിയുടെ കൂടിക്കാഴ്ചയിൽ അന്വേഷണം നടത്തിയല്ല നടപടി സ്വീകരിക്കേണ്ടത് എന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ‘രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്കു മാത്രമല്ല സര്‍ക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ രാഷ്ട്രീയ നയസമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുത്’ എന്ന് എന്ന് ഓർമപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്.


എംആർ അജിത് കുമാർ എന്തിനാണ് ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചത് എന്നത് അറിയാനുള്ള താല്പര്യം എല്ലാവർക്കുമുണ്ട്. വ്യക്തിപരമായി അദ്ദേഹത്തിന് കൂടിക്കാഴ്ച നടത്താം. അത് പോലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കണം. അതിനും എഡിജിപി തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റിനിർത്തണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു.

എഡിജിപിയുടെ സന്ദർശനം സർക്കാരിനെ പ്രതിസന്ധിയിലാക്കി. ജനഹിതമാണ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലകശക്തി. അത് തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്കു മാറ്റാം. നടപടിക്രമങ്ങളിലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് കാരണമെങ്കിൽ ജനഹിതം മാനിച്ചുകൊണ്ടത് മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ടാകണം എന്നും ലേഖനം ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top