പൂരം അലങ്കോലമായതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്; എതിര്‍ത്ത് സുനില്‍ കുമാറും മുരളീധരനും രംഗത്ത്

തൃശ്ശൂ‍ർ പൂരം അലങ്കോലമായതില്‍ ​ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നിയന്ത്രണത്തില്‍ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവാണ് പൂരം പ്രശ്നങ്ങള്‍ക്ക് വഴി തെളിച്ചത്. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്കൽ പോലീസിന്റെ ഏകോപനത്തില്‍ വീഴ്ചയുണ്ടായി. ഇത് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയത്തിന് പോലീസിന് കഴിഞ്ഞില്ല. പോലീസ് ഇടപെടല്‍ പ്രശ്നം വഷളാക്കി. പൂരം നടത്തിപ്പിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ ശ്രമിച്ചതും പ്രശ്നങ്ങളുണ്ടാക്കി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്നലെ രാത്രിയാണ് തൃശൂര്‍ പൂരത്തിലെ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി അജിത്കുമാർ ഡിജിപിക്ക് സമർപ്പിച്ചത്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തള്ളി സിപിഐയുടെ മുതിര്‍ന്ന നേതാവും തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എസ്.സുനില്‍ കുമാര്‍ രംഗത്തെത്തി. ഒരു കമ്മീഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാൻ ആവില്ല. പൂരം കലങ്ങിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. – സുനില്‍ കുമാര്‍ പറഞ്ഞു. “പൂരം സ്വാഭാവികമായി മുടങ്ങുകയില്ല. റിപ്പോര്‍ട്ട് കാണാത്തതിനാല്‍ അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. ബാഹ്യ ഇടപെടല്‍ ഉണ്ടായി എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ അത് പറയുന്നത്.” – സുനില്‍ കുമാര്‍ പറഞ്ഞു.

അജിത്‌ കുമാറിന്റെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.മുരളീധരന്‍ പറഞ്ഞു. “ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിനു മുഖ്യമന്ത്രി തയ്യാറാകണം.” – മുരളീധരന്‍ ആവശ്യപ്പെട്ടു.

പൂരം അലങ്കോലമായതോടെ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റാന്‍ കഴിഞ്ഞില്ല. ഒന്നര മാസത്തോളം കഴിഞ്ഞാണ് സ്ഥലം മാറ്റിയത്. പൂരം വെടിക്കെട്ടിന്റെ തിരക്ക് നിയന്ത്രിക്കാന്‍ എന്ന് ചൂണ്ടിക്കാട്ടി പൂര ദിവസം രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള വഴി പൊലീസ് ബാരിക്കേ‍ഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള വഴികള്‍ അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പൊലീസിനെതിരെ തിരിഞ്ഞു. പോലീസ് ലാത്തി വീശി. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ തിരുവമ്പാടി എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. പൂരം സംഘര്‍ഷഭരിതമായി. കോണ്‍ഗ്രസും സിപിഐയും പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഇതോടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top