അജിത്കുമാറിന്റെ ഡിജിപി റാങ്കിലേക്കുളള യാത്രക്ക് തടസമുണ്ടാക്കാത്ത നടപടി; വെല്ലുവിളി വിജിലന്‍സ് അന്വേഷണം മാത്രം

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവവിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നത്. ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കണ്ടിട്ടും ബിജെപിക്കായി പൂരം അലങ്കോലമാക്കിയെന്ന വിവാദമുണ്ടായിട്ടും അജിത് കുമാറിലുള്ള മുഖ്യമന്ത്രിയുടെ വിശ്വാസത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അക്കാര്യം വ്യക്തമാക്കുന്നതാണ് 35 ദിവസത്തോളം കാത്തിരുന്ന് മുഖ്യമന്ത്രി എടുത്തിരിക്കുന്ന നടപടി. ക്രമസമാധാന ചുമതലയില്‍ നിന്ന് ബറ്റാലിയനിലേക്ക് മാറ്റിയിരുത്തി മുഖ്യമന്ത്രി എല്ലാം അവസാനിപ്പിച്ചു. സര്‍വീസ് രേഖ പ്രകാരം അച്ചടക്കനടപടിയായി എവിടെയും രേഖപ്പെടുത്താന്‍ കഴിയാത്ത നടപടി ആലോചിച്ച് ഉറപ്പിച്ചാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനകയറ്റത്തെ ബാധിക്കാതിരിക്കാനുള്ള പ്രത്യേക കരുതലാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ഡിജിപി റാങ്കില്‍ എത്തേണ്ട ഉദ്യോഗസ്ഥനാണ് എംആര്‍ അജിത് കുമാര്‍. മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി സഞ്ജീവ് കുമാര്‍ പട്ജോഷി ഡിസംബറില്‍ വിരമിക്കുമ്പോള്‍ എഡിജിപി മനോജ് ഏബ്രഹാം ഡിജിപിയാവാനാണ് സാധ്യത. എന്നാല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിനുള്ള നിഥിന്‍ അഗര്‍വാള്‍ തിരിച്ചെത്തിയാല്‍ അത് 2025 ഏപ്രിലില്‍ കെ. പത്മകുമാര്‍ വിരമിക്കുന്നതു വരെ നീളും. 2025ല്‍ ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍ അജിത്കുമാര്‍ ഡിജിപി സ്ഥാനത്തേക്ക് എത്തും. 2025ലെ ഡിജിപി പദവിയിലേക്കുള്ള സ്‌ക്രീനിങ് കമ്മിറ്റി അടുത്ത മാസമാണു ചേരേണ്ടത്. ഇതില്‍ അജിത്കുമാറിന് തടസമുണ്ടാകാത്ത തരത്തിലുളള നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

പിവി അന്‍വറിന്റെ പരാതിയില്‍ നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചുളള ഒരു വിജലന്‍സ് അന്വേഷണം മാത്രമാണ് അജിത്കുമാറിന് മുന്നിലുള്ള ഒരു വെല്ലുവിളി. സ്‌ക്രീനിങ് കമ്മിറ്റി അന്വേഷണം കഴിയട്ടേയെന്ന നിലപാട് സ്വീകരിച്ചാല്‍ മാത്രം അജിത്കുമാറിന്റെ സ്ഥാനക്കയറ്റം വൈകാം. എന്നാല്‍ എസ്.ശ്രീജിത്ത് ഡിജിപി പദവിയിലെത്തും. നിലവില്‍ അജിത്കുമാറിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അത്തരമൊരു നടപടിക്ക് സാധ്യതയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top