മാവോയിസ്റ്റ് വേട്ട ശക്തമാക്കും, അഴിമതിക്കാരുടെ എണ്ണം കൂടുന്നു; പോലീസ് ഉന്നതതല യോഗത്തിൽ സജീവചർച്ച; എഡിജിപി എം.ആർ.അജിത്കുമാറിന് ഡിജിപിയുടെ കീർത്തിപത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അഴിമതി വർദ്ധിക്കുന്നതായി ഇന്നലെ ചേർന്ന പോലീസ് ഉന്നതതല യോഗത്തിൻ്റെ വിലയിരുത്തൽ. അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പോലീസ് ആസ്ഥാനത്ത് ഡിജിപി ഷേഖ് ദർവേഷ് സാഹിബിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഡി-ഹണ്ട് (മയക്ക് മരുന്നുകൾക്കെതിരേ ) പദ്ധതി വ്യാപിപ്പിക്കും. പോലീസുകാർക്കിടയിൽ വർദ്ധിക്കുന്ന ആത്മഹത്യാ പ്രവണതയെ ഗൌരവമായി കാണേണ്ടതുണ്ട്. മാനസിക സംഘർഷം ലഘൂകരിക്കാനുള്ള നടപടി സ്റ്റേഷൻതലത്തിൽ കൈക്കൊള്ളണം. കേരളത്തിൽ വർഗീയ സംഘർഷങ്ങൾ കുറഞ്ഞതായി യോഗം വിലയിരുത്തി. സുവിശേഷ കൂട്ടായ്മകളിൽ നിന്ന് വിട്ടുപോയവരെക്കുറിച്ചുള്ള വിവര ശേഖരണം കളമശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തും. മലബാർ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെയാണ് കോഴിക്കോട്ട് നിന്നും വയനാട്ടിൽ നിന്നുമായി മൂന്നൂ മാവോയിസ്റ്റുകൾ പിടിയിലായത്.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കായി പോലീസ് മേധാവി നൽകുന്ന ആദ്യ അംഗീകാരത്തിന് (കമൻ്റേഷൻ ലെറ്റർ) എഡിജിപി എം.ആർ.അജിത് കുമാർ അർഹനായി. ക്രമസമാധാനപാലനം വേറിട്ട രീതിയിൽ കൈകാര്യം ചെയ്തതിനും മയക്കുമരുന്നു വേട്ട ശക്തിപ്പെടുത്തിയതും പരിഗണിച്ചാണ് ഇത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോട്ടയം ജില്ലയിൽ മികച്ച നിലയിൽ പോലീസ് സംവിധാനം ക്രമീകരിച്ചതിന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഡിജിപിയുടെ പ്രശംസക്ക് അർഹനായി.

അതിനിടെ നൂറോളം സ്റ്റേഷനുകളിൽ എസ്ഐമാർക്ക് ചുമതല തിരികെ നൽകാനുള്ള തീരുമാനം ഉടനുണ്ടാകും. ആഴ്ചയിൽ ഒരിക്കൽ മാത്രം പരാതിക്കാർ എത്തുന്ന നിരവധി സ്റ്റേഷനുകൾ കേരളത്തിലുണ്ടെന്നും അവിടെയെല്ലാം സിഐമാരെ എസ്എച്ച്ഒമാരാക്കി വയ്ക്കുന്നത് പൊതുജനം നൽകുന്ന പണം പാഴാക്കുന്നതിന് തുല്യമാണെന്നും ഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഒരു മുൻ മന്ത്രിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്, പരാതിക്കാർ എത്തിനോക്കാറില്ലെങ്കിലും പോലീസ് സ്റ്റേഷൻ അനുവദിക്കുകയും സിഐക്ക് ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. എസ്എച്ച്ഒ ചുമതലയിൽ സിഐമാർ ചെയ്യുന്ന ജോലിയും വാങ്ങുന്ന ശമ്പളവും തമ്മിൽ താരതമ്യമില്ലെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്. 478 പോലീസ് സ്റ്റേഷനുകളിലാണ് നിലവിൽ ഇൻസ്‌പെക്ടർമാർ എസ്എച്ച്ഒമാരുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top