എഡിജിപി കൊലയാളി; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പരാജയം; ആഭ്യന്തരവകുപ്പിന് എതിരെ അൻവർ

സർക്കാരിനെയും പാർട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ഗുരുത ആരോപണവുമായി ഭരണകക്ഷി എംഎൽഎ പി.വി.അൻവർ. ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയുമടക്കം പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് സിപിഎം എംഎൽഎ ഉന്നയിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം.ആർ. അജിത്കുമാർ പത്തനംതിട്ട എസ്.പി സുജിത് ദാസ് എന്നിവർക്കെതിരെയാണ് ആരോപണം. ഇടത് സർക്കാരിലെ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ പോലിസ് ചോർത്തിയെന്നും എഡിജിപി കൊലയാളിയാണെന്നും അടക്കമുള്ള നിരവധി വെളിപ്പെടുത്തലുകള്‍ ഇന്ന് വാർത്താ സമ്മേളനത്തിൽ നടത്തി.

മുഖ്യമന്ത്രിയെ വിശ്വസ്തർ പ്രശ്നങ്ങളിൽ ചാടിക്കുന്നു. ഇവർ ചെയ്തു കൂട്ടുന്നതിനെല്ലാം ഒടുവിൽ പഴി കേൾക്കുന്നത് അദ്ദേഹം മാത്രമാണ്. പൊളിറ്റക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്.പൊളിറ്റിക്കൽ സെക്രട്ടറിയെയും, അജിത്കുമാറിനെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി ചുമതലകൾ നൽകിയത്.അവര്‍ അത് കൃത്യമായി ചെയ്തില്ല മുഖ്യമന്ത്രിയെ അനുസരിക്കാത്ത പോലീസാണ് കേരളത്തിലുള്ളതെന്നും അൻവർ കുറ്റപ്പെടുത്തി.

എഡിജിപി എംആർ അജിത് കുമാർ നെട്ടോറിയസ് ക്രിമിനലാണ്. പോലിസിലെ ദാവൂദ് ഇബ്രാഹിം ആണ് അജിത് കുമാർ. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നയാളിനെ കൊന്നുകളഞ്ഞതായി സംശയിക്കുന്നു എന്ന ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്.

പത്തനംതിട്ട എസ്പിയും എഡിജിപിയും സെൻട്രൽ ജയിലിലാകും. പോലീസിലെ ക്രിമിനൽ സംഘത്തിൻ്റെ ഇടപാടുകളെല്ലാം പി ശശിയുടെ അറിവോടെയാണ്. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ വിനു വി ജോൺ അജിത്കുമാറിനോട് സഹായം ചോദിച്ചു. ചാനലിനെതിരെ താൻ നൽകിയ പോക്സോ കേസും ചർച്ച ചെയ്തു. സഹായിക്കാമെന്ന് എഡിജിപി ഉറപ്പുനൽകിയെന്നും ഇടത് എംഎൽഎ ആരോപിച്ചു.

മുമ്പ് കസ്റ്റംസിലായിരുന്ന സുജിത്ത് ദാസ് സ്വര്‍ണക്കടത്തിന് കൂട്ടുനിൽക്കുകയാണ്. വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കസ്റ്റംസ് പിടിക്കാതെ വിടും. ഈ വിവരം സുജിത് ദാസിനെ അറിയിക്കുകയും റോഡിൽ വാഹനംതടഞ്ഞ് പോലീസ് പിടിക്കും. ഇങ്ങനെ പിടികൂടുന്ന സ്വർണം പോലിസുകാർ കവരുകയാണെന്നും അൻവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top