‘അതാണ് എഡിജിപിയുടെ കൂടിക്കാഴ്ചക്ക് പിന്നിലെങ്കിൽ സർവീസ് ചട്ടലംഘനം’; അൻവർ പറയുന്നതിന് തെളിവില്ലെന്നും അന്വേഷണ റിപ്പോർട്ട്
എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമർപ്പിച്ചു. എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും നടത്തിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. വിഷയത്തിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും ടിപി രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സൗഹൃദ സന്ദർശനത്തിൻ്റെ ഭാഗമാണെന്നാണ് വിശദീകരണം നൽകിയത്. കൂടിക്കാഴ്ച നടന്നത് അടച്ചിട്ട മുറികളിലാണ്. അതിനാൽ സാക്ഷികളില്ലെന്നും റിപ്പോർട്ടിലുണ്ട്. രാഷ്ട്രപതിയുടെ പോലീസ് മെഡലിനുവേണ്ടി കണ്ടതാവാനാണ് സാധ്യത. അത്തരം ഉദ്ദേശത്തിലാണ് ആർഎസ്എസ് നേതാക്കളെ കണ്ടതെങ്കിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പിവി അൻവറിൻ്റെ ആരോപണങ്ങളിൽ ഭൂരിപക്ഷത്തിനും തെളിവില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ തെളിവുകളില്ലാതെയാണ് പല പരാതിയും ഉന്നയിച്ചിരിക്കുന്നത്. എഡിജിപിയുടെ ഓഫീസിൽ ഫോൺ ചോർത്തൽ സംവിധാനങ്ങളില്ലെന്നും റിപ്പോർട്ടിലുണ്ട്. നിലമ്പൂർ എംഎൽഎ ഉന്നയിച്ച നിയമവിരുദ്ധമായ ഫോൺ ചോർത്തൽ ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫോൺ ചോർത്തൽ സംബന്ധിച്ച അൻവറിൻ്റെ ആരോപണം വാസ്‌തവവിരുദ്ധമെന്നും റിപ്പോർട്ടില്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here