പിണറായി-ആർഎസ്എസ് ബന്ധത്തിൻ്റെ ഇടനിലക്കാരൻ എഡിജിപി; സംഘപരിവാര്‍ ഉന്നതനുമായി കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി അയച്ചെന്ന് പ്രതിപക്ഷ നേതാവ്


എഡിജിപി എം.ആർ.അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആർഎസ്എസ് ബന്ധത്തിന്‍റെ ഇടനിലക്കാരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ആർഎസ്എസ് ക്യാംപിനെത്തിയ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലെയെ കാണാൻ എഡിജിപിയെ പിണറായി വിജയൻ അയച്ചെന്നും സതീശൻ ആരോപിച്ചു.

തൃശൂര്‍ പാറമേക്കാവ് വിദ്യാ മന്ദിറില്‍ നടന്ന ക്യാംപിനെത്തിയ ആര്‍എസ്എസ് ജനറൽ സെക്രട്ടറിയുമായി അജിത് കുമാർ മണിക്കൂറുകളോളം സംസാരിച്ചു. പൂരപ്പറമ്പിൽ കമ്മിഷണർ അങ്കിത് അശോകൻ അഴിഞ്ഞാടുമ്പോൾ എഡിജിപി തടഞ്ഞില്ല. ഈ സമയം അജിത്‌ കുമാര്‍ തൃശൂരില്‍ ഉണ്ടായിരുന്നു. പൂരം കലക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എഡിജിപി ഇടപെട്ടു. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വേണ്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കൾ പ്രതിയായ കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ എഡിജിപിയുടെ സന്ദർശനത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിക്കും. ആർഎസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. ഹയാത്തിൽ ഔദ്യോഗിക വാഹനമിട്ട ശേഷം സ്വകാര്യ വാഹനത്തിലാണ് പോലീസ് ഉന്നതൻ ആർഎസ്എസ് നേതാവിനെ കാണാൻ പോയത്. തിരുവനന്തപുരം ജില്ലയിലെ ആർഎസ്എസ് നേതാവാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ഊരി പിടിച്ച വാളിന്റെ ഇടയിൽ കൂടെ നടന്ന പിണറായി വിജയന് എന്തിനാണ് കീഴുദ്യോഗസ്ഥരെ ഭയക്കുന്നത്. എഡിജിപിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ഭരണകക്ഷി എംഎൽഎയായ പി.വി.അൻവറായിരുന്നു പൂരം കലക്കാൻ എഡിജിപി ഇടപെട്ടു എന്ന് ആദ്യം ആരോപണമുയർത്തിയത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയായിരുന്നു അജിത് കുമാർ ഇടപെട്ടത് എന്നായിരുന്നു ഇടത് എംഎൽഎയുടെ വെളിപ്പെടുത്തൽ. തുടർന്ന് സ്ഥാനാർത്ഥികളായിരുന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരനും സിപിഐ നേതാവ് വി.എസ്.സുനിൽകുമാറും അൻവർ പറഞ്ഞത് ശരിവച്ച് രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് മുരളീധരൻ്റെ ആവശ്യം. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് സുനിൽകുമാറും ആവശ്യപ്പെട്ടിരുന്നു. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ പോലീസിൻ്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു അൻവറിൻ്റെ ആരോപണത്തിന് ശേഷം ഇരുവരുടേയും പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top