തുടരെ വിവാദങ്ങളിൽ ചാടുന്ന എഡിജിപി അജിത് കുമാറിന് വിശിഷ്ടസേവാ മെഡൽ നൽകണമെന്ന് ഡിജിപി; ശുപാർശ അയക്കുന്നത് ആറാംവട്ടം

ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി സർക്കാരിനെ വിവാദകൊടുമുടിയിൽ കൊണ്ടെത്തിച്ച അഡീഷണൽ ഡിജിപി എംആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ മെഡലിനായി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ശുപാർശ ചെയ്തു. കഴിഞ്ഞ അഞ്ചുതവണയും തള്ളിയ ശുപാർശയാണ് വീണ്ടും കേന്ദ്രത്തിന് അയക്കുന്നത്.
പലവിധ വിവാദങ്ങളുടെ പേരിലാണ് മുൻപെല്ലാം അജിത് കുമാറിനുള്ള മെഡൽ ശുപാർശ കേന്ദ്ര സർക്കാർ നിരാകരിച്ചത്. ഇതിൽ പരിഹാരത്തിനാണ് അദ്ദേഹം ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു. ഏതായാലും അതിനുശേഷം പോകുന്ന ആദ്യ ശുപാർശയാണ് ഇത്തവണത്തേത്.
സർക്കാരിനെതിരെ കൊമ്പുകോത്ത പിവി അൻവർ ആണ് മലപ്പുറം എസ്പായിരുന്ന സുജിത് ദാസിനും, പിന്നാലെ അജിത് കുമാറിനും പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകുന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here