രണ്ടാം ദിവസവും അടിയന്തരപ്രമേയ നോട്ടീസിന് അനുമതി; എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും
എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച നിയമസഭ ചര്‍ച്ച ചെയ്യും. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രമേയം സഭ പരിഗണിക്കും. രണ്ടു മണിക്കൂറാണ് ചര്‍ച്ചക്കായി നിശ്ചയിച്ചിരിക്കുന്നത്.
പ്രതിപക്ഷത്ത് നിന്നും എന്‍ ഷംസുദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് സ്പീക്കര്‍ പരിഗണിച്ചപ്പോള്‍ ചര്‍ച്ചയാകാം എന്ന് സര്‍ക്കാര്‍ നിലപാട് അറിയിക്കുകയായിരുന്നു. ഇന്നലത്തെ സ്ഥിതി ആവര്‍ത്തിക്കരുതെന്ന അഭ്യര്‍ത്ഥനയോടു കൂടി ഈ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ 12 മണിക്ക് പ്രമേയം ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍ സഭയെ അറിയിച്ചത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനമാക്കുന്നതായും ആര്‍എസ്എസിന്റെ രാഷ്ട്രീയ നേട്ടത്തിനായി പോലീസ് സംവിധാനം ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്ന സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാണ് റൂള്‍ 50 പ്രകാരം നല്‍കിയ നോട്ടീസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാം എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച അടിയന്തര പ്രമേയവും ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടമായി ഭരണപക്ഷം ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here